കോഴിക്കോട്: ചരിത്രത്തിലാദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വിജയം തൂത്തുവാരിയ കോൺഗ്രസിനും ഘടക കക്ഷികൾക്കും മന്ത്രിസ്ഥാന സാധ്യത സംബന്ധിച്ച് ആശങ്ക. 13 സീറ്റിൽ 12 സീറ്റും നേടിയപ്പോൾ ജില്ലയിലെ കോൺഗ്രസിനും ഘടകകക്ഷികൾക്കും മന്ത്രിപദ പ്രതീക്ഷിയുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ മറിമായത്തോടെ ജില്ലക്ക് മന്ത്രിസ്ഥാനം ലഭിക്കുമോയെന്ന് തീർത്തുപറയാനാവാത്ത അവസ്ഥയാണ്. മുഖ്യമന്ത്രി പദം നഷ്ടമായതോടെ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കൂടുതൽ വിലപേശൽ ഉയർത്തിയതോടെ പഴയ സാഹചര്യങ്ങളും സാധ്യതകളും മാറിയതാണ് തിരിച്ചടിയായത്.
ജില്ലയിൽ നിന്നുള്ള കോൺഗ്രസിലെ യുവനേതാക്കളായ അഡ്വ.കെ. ജയന്തും അഡ്വ. പ്രവീൺകുമാറും വിദ്യ ബാലകൃഷ്ണനും നിലവിലെ സാധ്യത പട്ടികയിലുണ്ടെങ്കിലും ഗ്രൂപ് സമവാക്യത്തിന്റെ ഭാഗമായി ചിത്രത്തിലില്ലാതിരുന്നവർ കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ട നിർബന്ധിത സാഹചര്യം വന്നതോടെ ഒന്നും തീർത്തുപറയാനും ആവശ്യപ്പെടാനും പറ്റാത്ത അവസ്ഥയാണ്.
ജാതി സമവാക്യങ്ങൾക്കനുസരിച്ച് മന്ത്രിമാരെ തീരുമാനിക്കുന്നതാണ് ജില്ലക്ക് തിരിച്ചടിയാകുന്നതെന്ന് അടക്കം പറയുന്നുണ്ടെങ്കിലും ജില്ലയിലെ അഞ്ചു കോൺഗ്രസ് എം.എൽ.എമാരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനൊപ്പം നിന്നതും തിരിച്ചടിയാകുമെന്ന സൂചനയുണ്ട്. വി.ഡി. സതീശനെ ആദ്യന്തം പിന്തുണച്ച വട്ടിയൂർകാവ് എം.എൽ.എ കെ. മുരളീധരനെ മന്ത്രിയാക്കി അത് ജില്ലയിൽ വരവ് വെക്കാനും കരുനീക്കമുണ്ട്. മത്സരിച്ച ആറു സീറ്റിൽ വിജയിച്ച ലീഗിന് ജില്ലയിൽനിന്ന് ഇക്കുറി മന്ത്രിയുണ്ടാകുമെന്നാണ് പ്രതീക്ഷ. പാറക്കൽ അബ്ദുല്ലക്കാണ് കൂടുതൽ സാധ്യത. യു.ഡി.എഫിന്റെ ഭാഗമായ ആർ.എം.പി, മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ഇത്തവണ ലഭിക്കാനുള്ള സാധ്യത കുറവാണ്.


