കോഴിക്കോട്: അദ്ധ്യയനവർഷം ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ സ്കൂൾ ബസുകളുടെ കാര്യക്ഷമത ഉറപ്പിച്ച് മോട്ടോർ വാഹനവകുപ്പ്. കോഴിക്കോട് ആർ.ടി.ഒയുടെ പരിധിയിൽ ഇന്നലെ രാവിലെ ചേവായൂർ ഗ്രൗണ്ടിലും ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലുമായി നടന്ന പരിശോധനയിൽ 59 വാഹനങ്ങൾ ഫിറ്റ്‌നസ് ടെസ്‌റ്റ് പാസായി. ഇരു സ്ഥലങ്ങളിലുമായി 87 വാഹനങ്ങളാണ് പരിശോധനയ്ക്കെത്തിയത്. ചെറിയ അപാകതകളുള്ള 29 വാഹനങ്ങൾ ടെസ്റ്റ് പാസായില്ല. ഇവയുടെ അപാകത പരിഹരിച്ച് വീണ്ടും ഫിറ്റ്നസ് ടെസ്‌റ്റിന് എത്തിക്കാൻ നിർദേശിച്ചു. പാസായ വാഹനങ്ങൾക്ക് മുൻപിലെ വിൻഡ് ഷീൽഡ് ഗ്ലാസിൽ മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റിക്കർ പതിച്ചുനൽകിയാണ് വിട്ടത്.
പരിശോധനയ്ക്കൊപ്പം തന്നെ ഡ്രെെവർമാർക്കും ആയമാർക്കും ബോധവത്കരണവും നൽകി. 224 പേരാണ് പങ്കെടുത്തത്. കൂടുതൽ വാഹനങ്ങളെത്തിയത് ചേവായൂർ ഗ്രൗണ്ടിലാണ്. ടയറുകൾ, വൈപ്പർ, എമർജസി വാതിലുകൾ, വാതിലുകളുടെ പൂട്ട്, ഷട്ടറുകൾ തുടങ്ങിയവയും പരിശോധിച്ചു. പല സ്കൂൾ ബസുകളിലും ടയറുകൾ, വൈപ്പർ, എമർജസി വാതിലുകൾ എന്നിവയിൽ തകരാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ പരിഹരിക്കാൻ നിർദേശം നൽകി. ജി.പി.എസും വേഗനിയന്ത്രണ സംവിധാനവും പ്രവർത്തിക്കുന്നുണ്ടെന്നും പരിശോധിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമാണ് ബസുകൾക്ക് സർവീസിന് അനുമതി നൽകിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
നിർദ്ദേശങ്ങൾ
1.വാഹനങ്ങളിൽ മിനിമം മൂന്ന് ക്യാമറ നിർബന്ധം2. വലിയ വാഹനങ്ങളിൽ മൂന്ന്ബ്ളെന്റ് മിററുകൾ നിർബന്ധം3.വാഹനങ്ങളുടെ മുൻപിലും പുറകിലും എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസെന്ന് വ്യക്തമായി പ്രദർശിപ്പിക്കണം.4.വാതിലുകളുടെ എണ്ണത്തിന് തുല്യമായ ആയമാർ ബസിൽ ഉണ്ടാവണം5.സ്ഥാപനത്തിന്റെ ഉടമസ്ഥതയിൽ അല്ലാത്ത വാഹനങ്ങൾ ആണെങ്കിൽ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ ഓൺ സ്കൂൾ ഡ്യൂട്ടി എന്ന ബോർഡ് പ്രദർശിപ്പിക്കണം6. ജി.പി.എസ് സംവിധാനമുണ്ടായിരിക്കണം. ഇത് സുരക്ഷ മിത്ര സോഫ്റ്റ്‌വെയറുമായി ടാഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.7. 12 വയസിന് താഴെയുള്ള കുട്ടികളാണെങ്കിൽ ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം. കുട്ടികളെ നിന്ന് യാത്ര ചെയ്യുവാൻ അനുവദിക്കില്ല.


