തിരുവനന്തപുരം: വിഡി സതീശന്റെ ആദ്യ ബജറ്റ് ജനകീയ ,ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയാകാന്‍ സാധ്യത.പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന് ശുപാര്‍ശയുണ്ടെങ്കിലും അത് അംഗീകരിക്കാന്‍ സാധ്യത കുറവാണ്.ക്ഷേമ പെന്‍ഷന്‍ 100 രൂപയെങ്കിലും വര്‍ധിപ്പിച്ചേക്കും.വരുമാനം കണ്ടെത്താന്‍ മദ്യത്തിന്റെ വില കൂട്ടുന്നതും ഭൂമിയുടെ ന്യായവില ഉയര്‍ത്തുന്നതും പരിഗണനയിലുണ്ട്. ജനങ്ങളുടെ കയ്യടി കിട്ടാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. ഇന്ദിരാ ഗ്യാരണ്ടികളില്‍ ഊന്നിയുള്ള കാര്യങ്ങള്‍ ആയിരിക്കും പ്രധാനമായും ബജറ്റില്‍ ഉണ്ടാവുക.
ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പ്രതിമാസ ആയിരം രൂപ വിതരണം എന്നിവ ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത.സ്ത്രീ സൗജന്യ യാത്ര നടപ്പാക്കിയതിനാല്‍ കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ പണം ബജറ്റില്‍ നീക്കി വെച്ചേക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. പെന്‍ഷന്‍ പ്രായം 58 ആക്കണമെന്ന ധവള പത്രത്തിലെ ശുപാര്‍ശ ഇത്തവണ സര്‍ക്കാര്‍ അംഗീകരിക്കാന്‍ സാധ്യത കുറവാണ്.
ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയാലും അത് വേഗത്തില്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം ഉണ്ടായേക്കില്ല.ശമ്പളപരിഷ്‌കരണം 10 വര്‍ഷത്തില്‍ ഒരിക്കല്‍ മതിയെന്ന ശുപാര്‍ശ അംഗീകരിക്കപ്പെടുമെന്നാണ് സൂചന. ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക വിതരണം ചെയ്യുന്നതിനൊപ്പം മുന്‍കൂറായി ഒരു ഗഡുവെങ്കിലും നല്‍കുന്നതും പരിഗണനയിലുണ്ട്.
വൈദ്യുത ഉല്‍പാദന മേഖലയില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള ആലോചനയും ഉണ്ട് സര്‍ക്കാര്‍തലത്തില്‍.
വന്‍കിട പദ്ധതി പ്രഖ്യാപനങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണെങ്കിലും നിലവിലുള്ള വന്‍കിട പദ്ധതികള്‍ക്ക് പണം മാറ്റിവയ്ക്കും.വരുമാനം കണ്ടെത്തുക എന്ന വലിയ വെല്ലുവിളി എങ്ങനെ മറികടക്കും എന്നതാണ് പ്രധാന ചോദ്യം.മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഭൂമിയുടെ ന്യായവിലയിലും വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്..പെട്രോള്‍ സെസ് കുറയ്ക്കുമോ എന്ന കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാടും ബജറ്റില്‍ വ്യക്തമാക്കിയേക്കും.
കേരളത്തിൽ പുതിയൊരു വ്യവസായിക നയത്തിനുള്ള തുടക്കം കൂടിയായിരിക്കും യു ഡി എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് എന്നാണ് പ്രതീക്ഷ. ചെറുകിട, ഇടത്തരം വ്യവസായങ്ങൾ,ഐ.ടി, വിനോദ സഞ്ചാരം, ഷിപ്പിങ്, വ്യോമയാനം എന്നിവക്ക് ഊന്നൽ നൽകും. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ചുള്ള പദ്ധതികൾ, വ്യോമയാന ഹബ്ബ് എന്നിവയും ബജറ്റിൽ ഇടംപിടിക്കും. വ്യാവസായിക വാണിജ്യ മേഖല അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് ബജറ്റിൽ പരിഹാര നിർദേശങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി വാണിജ്യ – വ്യവസായിക പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകിയിട്ടുണ്ട്.
പരമ്പരാഗത വ്യവസായ മേഖലക്ക് സർക്കാർ കൈത്താങ്ങ് അനിവാര്യമാണ്. തളർന്നുകിടക്കുന്ന കെട്ടിട നിർമാണ മേഖലയിലും സർക്കാർ ഇടപെടലുണ്ടായേക്കും.ധവള പത്രത്തിലെ അടച്ചുപൂട്ടൽ, സ്വകാര്യവത്കരണ നിർദേശം പൊതുമേഖലയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സി എ ജി റിപ്പോർട്ട് പ്രകാരം 77 പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം 18,026 കോടി രൂപയാണ്.സർക്കാർ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതും വ്യാവസായികമേഖലയിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിക്കാത്തതുമാണ് പ്രധാന പ്രതിസന്ധി. ഇത് എങ്ങനെ മറികടക്കുമെന്നത് അനുസരിച്ചായിരിക്കും സംസ്ഥാനത്തിെൻറ വ്യാവസായിക വികസനം സാധ്യമാകുക.


