കോഴിക്കോട്: മലബാർ കേന്ദ്രഭരണ പ്രദേശമാക്കി പ്രഖ്യാപിക്കണമെന്ന് വിഎച്ച്പി. വികസനം കാര്യക്ഷമമാകാൻ കേന്ദ്ര സംവിധാനം സഹായിക്കും. ലഡാക്ക് കേന്ദ്രഭരണ പ്രദേശമാക്കിയതിന് സമാനമായ രീതി മലബാറിലും വേണമെന്നാണ് വിശ്വഹിന്ദു പരിഷത് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ പറയുന്നത്.
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തിന് വി.ഡി സതീശൻ സർക്കാർ വഴങ്ങുന്നുവെന്നാണ് വിഎച്ച്പി ആരോപിക്കുന്നത്. വികസനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലകൾ വിഭജിക്കേണ്ടത് എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാൽ വികസനത്തിന് കൂടുതൽ സഹായകരമാകുക കേന്ദ്ര ഭരണമാണ്. ദേശവിരുദ്ധ ശക്തികളുടെ ഭീഷണിയൊഴിവാക്കാൻ മലബാർ കേന്ദ്രഭരണ പ്രദേശമാക്കേണ്ടത് അനിവാര്യമാണെന്നും അനിൽ വിളയിൽ പറയുന്നു.
കേന്ദ്രഭരണ പ്രദേശമാക്കണം എന്ന ആവശ്യം നിരന്തരമായി ചർച്ചയാക്കാനാണ് വിഎച്ച്പി തീരുമാനം. ആവശ്യമുന്നയിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കാനും പ്രമേയം പാസാക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് വി.ഡി സതീശൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നും മൂവാറ്റുപുഴ, നെയ്യാറ്റിൻകര ഉൾപ്പെടെയുള്ള പുതിയ ജില്ലകൾ രൂപീകരിക്കണമൈന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

