തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ നിയുക്ത എംഎല്‍എ പി കെ ഫിറോസിനെതിരെ രൂക്ഷ വിമര്‍ശനം. വഞ്ചിയൂര്‍ കോടതിയിലെ രാഷ്ട്രീയ കേസില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ഫിറോസ് പങ്കുവെച്ചത്.
നിയുക്ത എംഎല്‍എമാരായ വിഷ്ണു മോഹന്‍, ഉല്ലാസ് കോവൂര്‍, ഫാത്തിമ തഹിലിയ അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകരും ചിത്രത്തിലുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. മാങ്കൂട്ടത്തിലിനെ മാക്‌സിമം വെളുപ്പിച്ചെടുക്കണമെന്നതടക്കം വിമര്‍ശനങ്ങളാണ് ഉയരുന്നത്. ‘പ്രിയ സുഹൃത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍’ എന്നാണ് ഫിറോസ് രാഹുലിനെ വിശേഷിപ്പിച്ചത്. ഇതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ‘പ്രിയ സുഹൃത്തിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടെ കൂട്ടാത്തതെന്തെ’ന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഫാത്തിമ തഹ്ലിയക്കെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്.
പികെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ്
പിണറായി സര്‍ക്കാറിനെതിരെ സമരം ചെയ്തതിന്റെ പേരിലുള്ള കേസിന് ഇന്ന് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരായി. പ്രിയ സുഹൃത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച വിഷ്ണു മോഹന്‍, ഉല്ലാസ് കോവൂര്‍, ഫാത്തിമ തെഹലിയ ഉള്‍പ്പടെ യു.ഡി.എസ്.എഫിന്റെ സഹപ്രവര്‍ത്തകരും കേസിലെ പ്രതികളാണ്. സംസ്ഥാനത്തുടനീളം ഇക്കഴിഞ്ഞ പത്ത് വര്‍ഷമായി കേസിലകപ്പെട്ട ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് കള്ളക്കേസുകളില്‍ നിന്നുള്ള മോചനം കൂടിയായിരിക്കും കേരളത്തിലെ ഭരണ മാറ്റം.


