പാട്‌ന: വന്ദേഭാരത് ടിക്കറ്റ് അനധികൃതമായി ഡിസ്‌കൗണ്ട് റേറ്റിന് യാത്രക്കാരന് വാഗ്ദാനം ചെയ്ത ടിടിഇയ്ക്ക് എതിരെ നടപടി സ്വീകരിച്ച് ഇന്ത്യൻ റെയിൽവേ. സംഭവത്തിന്റെ ദൃശ്യങ്ങൾ എക്‌സിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തായതും അധികൃതർ ഇടപെട്ടതും. 700രൂപ യാത്രാക്കൂലിക്ക് പകരം 380രൂപ നൽകിയാൽ മതിയെന്ന് ടിടിഇ യാത്രക്കാരനോട് പറയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഈ ചെയ്യുന്നത് ശരിയല്ലെന്നും ടിടിഇ വീഡിയോയിൽ പറയുന്നുണ്ട്. എന്നാലും കുറഞ്ഞനിരക്കിൽ യാത്ര ചെയ്യാൻ സഹായിക്കാം എന്ന രീതിയിലാണ് ടിടിഇയുടെ സംഭാഷണം
വീഡിയോ പുറത്തായതോടെ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥൻ മതിയായ രീതിയിലുള്ള ടിക്കറ്റ് ബുക്കിങ്ങ് രീതികൾ വിശദീകരിക്കാതെ അനധികൃതമായി യാത്ര ചെയ്യാൻ ഉപദേശിക്കുന്നു എന്ന തരത്തിൽ നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. മറ്റുചിലർ മതിയായ പണമില്ലാത്ത ഒരാളെ സഹായിക്കാൻ ശ്രമിച്ചതാണോ എന്നും ചോദിക്കുന്നുണ്ട്. എന്നാൽ റെയിൽ സേവ, ഡിആർഎം ദാനാപൂർ ഡിവിഷൻ എന്നീ റെയിൽ അധികൃതർ ടിടിഇയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണവുമായി രംഗത്തെത്തി. ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്‌തെന്നാണ് വിവരം. സുതാര്യതയില്ലാത്ത സേവനം, പെരുമാറ്റദൂഷ്യം എന്നീ കാരണങ്ങൾ കാട്ടിയാണ് നടപടി.
ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട് കർശനമായ നിർദേശങ്ങളാണ് ഇന്ത്യൻ റെയിൽവേ മുന്നോട്ടുവച്ചിരിക്കുന്നത്. ടിടിഇയ്ക്ക് ചില പ്രത്യേക സാഹചര്യത്തിൽ ഓൺബോർഡ് ടിക്കറ്റുകൾ നൽകാൻ അനുവാദമുണ്ട്. വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമാക്കുന്നത്, ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ മറ്റൊരാൾക്ക് അനുവദിക്കുന്നതോ ടിടിഇയുടെ അധികാരപരിധിയിൽപ്പെടും. എന്നാൽ ഈ പരിധി ലംഘിച്ചുള്ള നടപടികൾക്ക് കടുത്ത നിയമലംഘനമായാണ് കണക്കാക്കുന്നത്


