രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസിന്റെ വിവരം ക്രൈംബ്രാഞ്ച് നിയമസഭാ സ്പീക്കറെ അറിയിക്കും.

തിങ്കളാഴ്ചതന്നെ കേസിന്റെ റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം സ്പീക്കറുടെ ഓഫീസിന് സമർപ്പിക്കും. അടുത്തയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് നീക്കം.
ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ സാമൂഹികമാധ്യമംവഴി സ്ത്രീകളെ പിന്തുടർന്ന് ശല്യംചെയ്തതിനാണ് കേസെടുത്തിരുന്നത്. സംസ്ഥാന പോലീസ് മേധാവിക്ക് ഇമെയിലിലൂടെ ലഭിച്ച പത്ത് പരാതികളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എഫ്ഐആർ രജിസ്റ്റർചെയ്തിരുന്നത്. അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെയും നിയോഗിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസില്‍ പരാതി നല്‍കിയവരില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഈ മൊഴികള്‍ സഹിതമുള്ള റിപ്പോർട്ടാണ് സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായി സ്പീക്കർക്ക് കൈമാറുക.


