
ടിയാൻജിനിലെ എസ്സിഒ ഉച്ചകോടി വേദിയില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും യാത്ര ചെയ്തത് ഒരേ വാഹനത്തില്‍.
ഉച്ചകോടി നടന്ന വേദിയില്‍ നിന്ന് റിറ്റ്സ്-കാള്‍ട്ടണ്‍ ഹോട്ടലിലെ ഉഭയകക്ഷി യോഗ വേദിയിലേക്ക് പ്രധാനമന്ത്രി മോദിക്കൊപ്പം യാത്ര ചെയ്യാൻ പുതിൻ ആഗ്രഹിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മോദിയ്ക്കായി ഏകദേശം 10 മിനിറ്റോളം പുതിൻ കാത്തുനിന്നതായും റിപ്പോർട്ടിലുണ്ട്. പുതിന്റെ കാറിലെ ഒരുമിച്ചുള്ള യാത്രയില്‍ ഇരുനേതാക്കളും വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്തു. റിറ്റ്സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ എത്തിയശേഷവും ഇരുവരും 45 മിനിറ്റോളം കാറില്‍ ചെലവഴിച്ചു. ഇതിനുശേഷം നടന്ന ഉഭയകക്ഷി ചർച്ച ഏകദേശം ഒരുമണിക്കൂർ നീണ്ടു.
“എസ്സിഒ ഉച്ചകോടി വേദിയിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം, പ്രസിഡന്റ് പുതിനും ഞാനും ഞങ്ങളുടെ ഉഭയകക്ഷി യോഗത്തിന്റെ വേദിയിലേക്ക് ഒന്നിച്ച് യാത്ര ചെയ്തു. ഉള്‍ക്കാഴ്ച പകരുന്നവയാണ് എപ്പോഴും അദ്ദേഹവുമായുള്ള സംഭാഷണങ്ങള്‍,” പുതിനൊനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മോദി എക്സ് പോസ്റ്റില്‍ പറഞ്ഞു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ യുക്രൈൻ യുദ്ധത്തിന് ഇന്ത്യ സഹായം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് അമേരിക്ക അധിക തീരുവയും പിഴയും ചുമത്തിയത്. ഇന്ത്യ റഷ്യയുമായി നടത്തുന്ന എണ്ണ വ്യാപാരത്തെ അമേരിക്ക പരസ്യമായി അപലപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, പുതിന്റെ ഇന്ത്യൻ അനുകൂല നീക്കത്തിന് പ്രാധാന്യമുണ്ട്. ഊർജ ഇടപാടുകള്‍ക്ക് ‘ശിക്ഷ’യായി, ഇന്ത്യൻ ഉല്‍പ്പന്നങ്ങള്‍ക്ക് ഏഷ്യയിലെ ഏറ്റവും ഉയർന്ന നിരക്കായ 50 ശതമാനം ഇറക്കുമതി തീരുവ ട്രംപ് ചുമത്തിയിരുന്നു.
ഞായറാഴ്ച രാത്രി ഷി ജിൻപിങ് ഒരുക്കിയ വമ്ബിച്ച വിരുന്നോടെയാണ് 25-ാമത് ഉച്ചകോടിക്ക് ഔദ്യോഗികമായ തുടക്കമായത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും തങ്ങള്‍ക്ക് ഗംഭീരമായ രീതിയില്‍ സ്വാഗതമരുളിയ പ്രസിഡന്റ് ഷി ജിൻപിങ്ങിനോട് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദത്തിന്റെ ദുരിതം സഹിച്ചുവരികയാണെന്നും പഹല്‍ഗാമില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചൈന നല്‍കിയ പിന്തുണയ്ക്ക് മോദി നന്ദിയറിയിയ്ക്കുകയും ചെയ്തു.


