കാഞ്ഞങ്ങാട് അമ്ബലത്തറ പറക്കളായിയില്‍ ഒരുകുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയതിന് പിന്നില്‍ സാമ്ബത്തികബാധ്യതയെന്ന് സൂചന.

പറക്കളായിയിലെ കർഷകനായ ഗോപി(58), ഭാര്യ ഇന്ദിര(54), മകൻ രഞ്ജേഷ്(34) എന്നിവരെയാണ് വ്യാഴാഴ്ച പുലർച്ചെ ആസിഡ് കുടിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. മറ്റൊരു മകനായ രാകേഷ്(27) ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞദിവസം ഇവർ ബന്ധുവീടുകളില്‍ പോകുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്തതായി അയല്‍വാസികള്‍ പറഞ്ഞു. പുലർച്ചെ മൂന്നിന് ഗോപിയുടെ സഹോദരന്റെ ഭാര്യയ്ക്ക് വന്ന ഫോണ്‍ കോളിലാണ് വിവരമറിയുന്നത്. ഫോണ്‍ വിളിച്ചത് രഞ്ജേഷാണെന്ന് കരുതുന്നു. തീരെ വയ്യ ആശുപത്രിയില്‍ എത്തിക്കണം എന്നുമാത്രമാണ് പറഞ്ഞത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തിയപ്പോള്‍ മൂന്നുപേരും മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുംചെയ്തു.
സാമ്ബത്തിക ബാധ്യതയാണ് മരണകാരണമെന്ന് ഉറപ്പു പറയാനാകില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാലേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും അമ്ബലത്തറ ഇൻസ്പെക്ടർ കെ.പി.ഷൈൻ പറഞ്ഞു. രഞ്ജേഷും രാകേഷും നേരത്തെ ദുബായിലായിരുന്നു. രണ്ടുവർഷം മുൻപ് ഇരുവരും നാട്ടിലേക്ക് തിരിച്ചെത്തി ബിസിനസ് തുടങ്ങി. പലചരക്ക് സാധനങ്ങളുള്‍പ്പെടെ വീടുകളിലെത്തിച്ചു നല്‍കുന്നതായിരുന്നു ബിസിനസ്. ഇതില്‍ വലിയ നേട്ടമുണ്ടായില്ലെന്നും വലിയ സാമ്ബത്തിക ബാധ്യത ഇതുവഴി ഉണ്ടായെന്നും അറിയുന്നു. ഈ ബിസിനസ് നിർത്തി ഇവർ കൂലിപ്പണിക്ക് പോയിത്തുടങ്ങിയിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.


