whatsapp chat
Call now
Latest

പേരിനൊപ്പം മേനോന്‍: വി ഡി സതീശനെ അനുകൂലിച്ചും എതിര്‍ത്തും കോൺഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: സത്യപ്രതിജ്ഞയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ‘മേനോന്‍’ എന്ന് പേരിനൊപ്പം ചേര്‍ത്തതിനെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. ജിന്റോ ജോണും വി ആര്‍ അനൂപും വി ഡി സതീശനെ വിമര്‍ശിച്ചപ്പോള്‍ രാജു പി നായരും ബിആര്‍എം ഷെഫീറും പിന്തുണയുമായി രംഗത്തെത്തി. പേരിലാണ് കോണ്‍ഗ്രസ് മൂല്യം എന്നത് അബദ്ധധാരണയാണെന്ന് രാജു പി നായര്‍ പ്രതികരിച്ചു. വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നത് നിലപാടുകളാണെന്നും രാജു പി നായര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

സത്യപ്രതിജ്ഞയില്‍ സ്വന്തം പിതാവിന്റെ പേര് ഉറക്കെ പറഞ്ഞതില്‍ ആരും മറ്റ് അര്‍ത്ഥം കാണേണ്ടെന്നും വിഡിഎസിനെ പരിഹസിക്കുന്ന സൈബർ സഖാക്കൾ നമ്പൂതിരിപ്പാട്, നായനാർ എന്നതൊക്കെ ജാതി പേരാണെന്ന് മറക്കരുതെന്നുമായിരുന്നു ബിആര്‍എം ഷെഫീറിന്റെ പ്രതികരണം.

സോ കോള്‍ഡ് അപ്പര്‍ കാസ്റ്റുകാര്‍ക്ക് മാത്രമാണ് ജാതിവാലുകളുടെ പ്രിവിലേജ് എന്നും ഈ പ്രിവിലേജ് അനുഭവിക്കുന്നവര്‍ മാത്രമാണ് ജാതിവാലുകള്‍ ഉപയോഗിക്കുന്നതെന്നുമായിരുന്നു ജിന്റോയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ സെന്‍ട്രല്‍ ലെഫ്റ്റ് ഐഡിയോളജി പ്രകാരം ജാതിവാലുകള്‍ അധികഭാരമാണെന്നും ജിന്റോ പറഞ്ഞിരുന്നു.

വി ഡി സതീശന്‍ അംബേദ്ക്കറെ വായിക്കാന്‍ അധികസമയം കണ്ടെത്തണം എന്നായിരുന്നു കോൺഗ്രസ് നേതാവ് വി ആര്‍ അനൂപിന്റെ വിമർശനം. മുന്‍ സത്യപ്രതിജ്ഞകളില്‍ വരാത്ത മേനോന്‍ എന്നത് ഇപ്പോള്‍ എങ്ങനെ വന്നുവെന്നും ജാതി ഒരേസമയം സാമൂഹിക മൂലധനവും സാമൂഹിക അധികാരവുമാണെന്നും അനൂപ് വി ആര്‍ ചൂണ്ടിക്കാട്ടി.

വി ഡി സതീശനെതിരെ പരിഹാസവുമായി സിപിഐഎം നേതാവ് പി സരിനും രംഗത്തെത്തിയിരുന്നു. ‘ദാമോദരൻ ഉണ്ണി മകൻ ദിൽമാൻ ഇടക്കൊച്ചിയെ ജനങ്ങൾ DUDE എന്ന് വിളിച്ചപോലെ, ഇനി ‘മേനോൻ സാറേ’ എന്ന് വിളിക്കണം എന്നാകുമോ കവി ഉദ്ദേശിച്ചത് ?’ എന്നായിരുന്നു പി സരിന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

മുഖ്യമന്ത്രി വി ഡി സതീശന്‍ ‘വടശേരി ദാമോദരൻ മേനോൻ സതീശൻ’ എന്നു പറഞ്ഞായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. സതീശന്‍റെ പേരില്‍ ഇതുവരെയില്ലാത്ത ജാതിവാല്‍ എവിടെ നിന്നാണ് വന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നത്.

അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിലെ വന്ദേമാതര വിവാദം യുഡിഎഫ് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് സിപിഐഎം. ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചത് സര്‍ക്കാരിന്റെ കൂടി അറിവോടെ ആണെന്നാണ് വാദം. വേദിയിലെ സീറ്റിന്റെ കാര്യത്തില്‍ ലോക്ഭവന്‍ കൊണ്ടുവന്ന നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മാറ്റിയിട്ടും വന്ദേമാതരത്തിന്റെ കാര്യത്തില്‍ ഒന്നും ചെയ്തില്ലെന്നാണ് വിമര്‍ശനം.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.