രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ട്രാൻസ്ജെൻഡർ അവന്തികയുടെ ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് അവന്തികയുടെ സുഹൃത്ത് അന്നാ രാജു.ബിജെപിക്കാരുമായി കൂടിയാലോചിച്ചാണ് അവന്തിക ആരോപണമുന്നയിച്ചതെന്നും ട്രാൻസ്ജെൻഡർ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ അന്ന.

‘മൂന്നുവർഷം മുമ്ബാണ് രാഹുലുമായി ചാറ്റ് ചെയ്തതെന്നാണ് അവന്തിക പറയുന്നത്. ഈ മൂന്നുവർഷം മുമ്ബ് ഞാനും അവന്തികയും ഒന്നിച്ച് താമസിച്ചിരുന്നവരാണ്. ആ സമയത്ത് രാഹുല്‍ വിളിക്കുമ്ബോഴും മെസേജ് അയക്കുമ്ബോഴുമെല്ലാം ഞാനും ആളുടെ കൂടെയുണ്ട്. എന്റെ സഹോദരിയാണ്. ഞങ്ങള്‍ ഒരുവീട്ടില്‍ തന്നെ താമസിച്ചുകൊണ്ടിരുന്നവരാണ്.’ -അന്നാ രാജു പറഞ്ഞു.
‘ഇപ്പൊ അവന്തിക നടത്തിയ വെളിപ്പെടുത്തല്‍ തീർച്ചയായും രാഷ്ട്രീയപ്രേരിതമാണ്. ബിജെപിയുടെ ആളുകളുമായി കൂടിയാലോചിച്ചാണ് ആരോപണം ഉന്നയിച്ചത്. വ്യക്തമായ തെളിവില്ല. രാഹുലും അവന്തികയും നല്ല സുഹൃത്തുക്കളായിരുന്നു. മൂന്നുവർഷം മുമ്ബ് തനിക്ക് പേടിയായിരുന്നുവെന്നാണ് അവന്തിക പല ചാനലിലും വന്നിരുന്ന് ഇപ്പോള്‍ പറയുന്നത്. അന്നൊന്നും ഒരു പേടിയുമുണ്ടായിരുന്നില്ല. ആലുവ പോലീസ് സ്റ്റേഷൻ മാർച്ചിലടക്കം ഞാനും അവന്തികയും ഒന്നിച്ച് പങ്കെടുത്തതാണ്.’ -അന്നാ രാജു കൂട്ടിച്ചേർത്തു.
‘രാഹുല്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കുറേ പേരുടെ പ്രേരണ കൊണ്ടല്ല പറയേണ്ടത്. അത് മൂന്ന് വർഷം മുമ്ബ് പ്രതികരിക്കേണ്ടതായിരുന്നു. 2019 മുതല്‍ ട്രാൻസ്ജെൻഡർ പ്രൊട്ടക്ഷൻ ആക്‌ട് എന്ന കേന്ദ്രസർക്കാർ പുറത്തിറക്കിയ നിയമവും ഇവിടെയുണ്ട്. ഇതെല്ലാം അറിയാവുന്ന വ്യക്തിയാണ്. അന്നും സോഷ്യല്‍ മീഡിയയിലും സജീവമാണ്. ആ വ്യക്തി എന്തുകൊണ്ട് ഇപ്പൊ പ്രത്യേകമായി ആരോപണവുമായി വന്നു?’ -അന്നാ രാജു പറഞ്ഞു.
‘പുള്ളി എംഎല്‍എയാകുന്നത് വരെ എന്തിന് കാത്തുനിന്നു? പ്രമുഖനായ വ്യക്തിക്കെതിരെ ആരോപണം ഉന്നയിക്കുമ്ബോള്‍ തെളിവുവേണ്ട. തിരിച്ച് സ്ത്രീകള്‍ക്കെതിരെ പറഞ്ഞാല്‍ തെളിവുവേണം എന്നെല്ലാം പറയുന്നതിനോട് യോജിക്കാൻ ബുദ്ധിമുട്ടാണ്. രാഹുലിനോട് എവിടെനിന്ന് ആര് ആദ്യം ചാറ്റ് ചെയ്യാൻ തുടങ്ങി എന്ന് എനിക്കറിയാം.’ -അന്നാ രാജു തുടർന്നു.
‘അവള്‍ക്ക് അടുത്തറിയാവുന്ന സുഹൃത്തിനോട് പറഞ്ഞിട്ടുണ്ടെന്ന് അവന്തിക ചാനലില്‍ പറഞ്ഞിട്ടുണ്ട്. അത് എന്നെ തന്നെയാണ് ഉദ്ദേശിച്ചത്. ചാനലിലൂടെയാണ് ഇങ്ങനെയൊരു സംഭവമുണ്ടായി എന്ന് ഞാനറിയുന്നത്. പക്ഷേ ആ സമയത്തൊന്നും രാഹുല്‍ അവന്തികയോട് മോശമായി പെരുമാറിയതായി അറിയില്ല. ഞാനും അദ്ദേഹവുമായി നല്ല ബന്ധത്തിലാണ്. അവന്തികയെ പോലുള്ളവരുടെ കമ്യൂണിറ്റിയാണ് ട്രാൻസ്ജെൻഡർ കോണ്‍ഗ്രസ്. ട്രാൻസ്ജെൻഡർ കോണ്‍ഗ്രസില്‍ ഞങ്ങള്‍ക്ക് ആർക്കും ഒരു പ്രശ്നവുമുണ്ടായിട്ടില്ല. ഇത് രാഷ്ട്രീയപ്രേരിതമായി അവന്തിക കൊണ്ടുവന്ന ആരോപണമാണ്.’ -അന്നാ രാജു പറഞ്ഞു.


