whatsapp chat
Call now
Latest

വൈദ്യുതി പ്രതിസന്ധി ഡിസംബര്‍ വരെ തുടരും; ലോഡ് ഷെഡിങ് ഇനിയും നീണ്ടേക്കുമെന്ന് KSEB

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഡിസംബര്‍ വരെ തുടരുമെന്ന് കെഎസ്ഇബി. പ്രതിസന്ധി ഈ നിലയില്‍ തുടര്‍ന്നാല്‍ ലോഡ് ഷെഡിങ് ഇനിയും നീട്ടേണ്ടി വരുമെന്നും വില നിയന്ത്രണം മറികടന്നും വൈദ്യുതി വാങ്ങേണ്ടി വരുമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇക്കാര്യം ഔദ്യോഗികമായി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചു. നിലവില്‍ വൈദ്യുതി വാങ്ങാന്‍ യൂണിറ്റിന് 10 രൂപയാണ് ഉയര്‍ന്നപരിധി. കെഎസ്ഇബി വൈദ്യുതിക്കായി ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഈ മാസത്തേക്ക് ആരും ബിഡ് നല്‍കിയിട്ടില്ല. വായ്പയായി വാങ്ങിയ വൈദ്യുതി മടക്കി നല്‍കേണ്ടതും റിസര്‍വോയറുകളില്‍ വെള്ളം കുറഞ്ഞതുമാണ് പതിസന്ധിക്ക് കാരണം.

വൈദ്യുതി ലഭ്യതയില്‍ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ജൂണ്‍ 30 വരെ വൈകുന്നേരം 6-നും രാത്രി 12-നുമിടയില്‍ പരിമിതമായ തോതില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്ന് നേരത്തെ കെഎസ്ഇബി അറിയിച്ചിരുന്നു. പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചതിനാല്‍ രാജ്യത്താകെ വൈദ്യുതി ലഭ്യതയില്‍ വലിയ തോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നതെന്നും ജൂണ്‍ 16 മുതല്‍ തിരികെ നല്കാമെന്ന കരാറില്‍, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കേരളം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വായ്പ്പയായി വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സമയമാണിതെന്നുമാണ് കെഎസ്ഇബി അറിയിച്ചത്.

‘സംസ്ഥാനത്ത് ജൂണ്‍ 1നുതന്നെ മണ്‍സൂണ്‍ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്തിപ്രാപിക്കാത്തതിനാല്‍ അന്തരീക്ഷ താപനില കാര്യമായി കുറഞ്ഞിട്ടില്ല. ആകെ 4,100 മെഗാവാട്ടിന്റെ ആവശ്യകതയാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും 4,900 മെഗാവാട്ട് വരെ ഉയരുന്ന സ്ഥിതിയുണ്ട്. വൈദ്യുതി ഉപയോഗത്തിലും 10 ദശലക്ഷം യൂണിറ്റിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. ആഭ്യന്തര ഉത്പാദനമായ 1700 മെഗാവാട്ടും കേന്ദ്ര നിലയങ്ങളില്‍നിന്നുള്ള 1701 മെഗാവാട്ടും ദീര്‍ഘകാല കരാറുകളിലൂടെ ലഭ്യമാകുന്ന 612 മെഗാവാട്ടും വൈദ്യുതി പൂര്‍ണ്ണതോതില്‍ ലഭിക്കുമ്പോഴും ഏതാണ്ട് 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ജൂണ്‍ 16 മുതല്‍ 30 വരെ നിലനില്‍ക്കുകയാണ്. പവര്‍ എക്‌സ്‌ചേഞ്ചുകളിലെ വൈദ്യുതിലഭ്യതയും 5% ആയി ചുരുങ്ങിയിരിക്കുകയാണ്. ഇക്കാരണങ്ങളാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടുണ്ട്’, എന്നാണ് കെഎസ്ഇബി വിശദീകരണം.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.