whatsapp chat
Call now
Education Latest

53ലക്ഷം വര്‍ഷംമുൻപ്‌ പെയ്ത മഴയേക്കുറിച്ച്‌ വിവരശേഖരണം, മലയാളി ഗവേഷകയ്ക്ക് 1.4കോടി രൂപയുടെ ഫെല്ലോഷിപ്പ്

കോഴിക്കോട്: 53 ലക്ഷം വർഷംമുൻപ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യൻ മേഖലയില്‍ പെയ്ത മഴയെക്കുറിച്ചുള്ള വിവരശേഖരണത്തിന് മലയാളി ഗവേഷക ഇംഗ്ളണ്ടിലേക്ക്.പത്തുവർഷംമുൻപ് അന്തമാൻ ആഴക്കടലില്‍നിന്ന് ഉത്ഖനനംചെയ്തെടുത്ത മണ്ണിലെ സൂക്ഷ്മ ജീവിക ളുടെ ഫോസിലുകള്‍ കേന്ദ്രീകരിച്ച്‌ പഠനംനടത്തിയാല്‍ ഈ കാലഘട്ടത്തിലെ മഴയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും അറിയാനാകുമെന്നാണ് പ്രതീക്ഷ.

കോഴിക്കോട് ചേവായൂർ സ്വദേശിനി ചൈതന്യ ഭഗവതിപ്പറമ്ബാണ് ഇംഗ്ലണ്ടിലെ എക്സിറ്റർ സർവകലാശാലയില്‍ നടത്തുന്ന ഡോക്ടറല്‍ ഗവേഷണത്തിന് ഈ വിഷയം തിരഞ്ഞെടുത്തത്. ഇതിന്, ഇംഗ്ളണ്ടിലെ യുകെ റിസർച്ച്‌ ഫൗണ്ടേഷനുകീഴിലുള്ള നാച്വറല്‍ എൻവയണ്‍മെന്റല്‍ റിസർച്ച്‌ കൗണ്‍സില്‍ (എൻഇആർസി) 1.41 കോടി രൂപയുടെ സ്റ്റുഡന്റ് ഫെലോഷിപ്പ് അനുവദിച്ചു. ഈമാസം അവസാനം ചൈതന്യ ഇംഗ്ളണ്ടിലേക്ക് യാത്രതിരിക്കും.53 ലക്ഷം വർഷംമുൻപുമുതല്‍ 26 ലക്ഷം വർഷംമുൻപുവരെയുള്ള കാലയളവിലും (പ്ലിയോസീൻ കാലഘട്ടം), 26 ലക്ഷം വർഷംമുൻപുമുതല്‍ 11,000 വർഷം മുൻപുവരെയുള്ള (പ്ലീസ്റ്റോസീൻ) കാലയളവിലും ദക്ഷിണേഷ്യൻ മേഖലയില്‍ പെയ്ത വേനല്‍മഴയാണ് ചൈതന്യയുടെ ഗവേഷണവിഷയം. 2014 നവംബർ 29 മുതല്‍ 2015 ജനുവരി 29 വരെയുള്ള ഉത്ഖനന ശേഖരമാണ് അടിസ്ഥാനം.ഭക്ഷ്യശൃംഖലയിലെ ഏറ്റവും അറ്റത്തുള്ളവയെന്ന് കരുതുന്ന കടല്‍പ്ളവകങ്ങളായ അസെംബ്ളേജ് ഫോസിലുകളില്‍നിന്ന് ശേഖരിക്കുന്ന ലവണാംശങ്ങള്‍, പോഷകാംശങ്ങള്‍, സമുദ്രാവശിഷ്ടങ്ങള്‍ എന്നിവ പഠിക്കുന്നതിലൂടെ ലക്ഷ്യത്തിലെത്താമെന്നാണ് പ്രതീക്ഷ.

ഐഐടി റൂർക്കെയുടെ സ്പാർക്ക് ഫെലോഷിപ്പ്, മൈടാക്സ് ഗ്ളോബല്‍ലിങ്ക് റിസർച്ച്‌ ഇന്റേണ്‍ഷിപ്പ്, ഓസ്ട്രേലിയൻ നാഷണല്‍ യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ റിസർച്ച്‌ ടാലന്റ് അവാർഡ് (2024) എന്നിവയ്ക്ക് അർഹയായിട്ടുണ്ട്.ഐസർ കൊല്‍ക്കത്തയില്‍നിന്നാണ് ജിയോളജിയില്‍ ബി.എസ്-എം.എസ് പഠനം പൂർത്തിയാക്കിയത്. യൂണിറോയല്‍ മറൈൻ എക്സ്പോർട്ടിങ്ങിലെ പ്രൊഡക്ഷൻ മാനേജർ ബി.പി. ഗിരീഷിന്റെയും മെഡിക്കല്‍ കോളേജ് ആശുപത്രി സീനിയർ നഴ്സിങ് ഓഫീസർ വി. സജ്നയുടെയും മകളാണ്. സഹോദരി ചൈത്ര വന്യജീവി ആവാസവ്യവസ്ഥ ഗവേഷകയാണ്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.