ട്രഷറി ബില്‍ അഥവാ ടി ബില്‍
സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഹ്രസ്വകാല കടപ്പത്രങ്ങളാണ് ടി ബില്ലുകള്‍. സ്ഥിര വരുമാന പദ്ധതികള്‍ക്ക് സമാനമായ സുരക്ഷിത നിക്ഷേപ സാധ്യതയുമാണ്. സർക്കാരിന്റെ അടിയന്തിര സാമ്ബത്തിക ആവശ്യങ്ങള്‍ക്കായി വിപണിയില്‍നിന്ന് കടമെടുക്കാനാണ് ഇവ പുറത്തിറക്കുന്നത്. ധനകമ്മി കുറയ്ക്കുന്നതിനും വിപണിയില്‍ പ്രചാരത്തിലുള്ള കറൻസികളുടെ നിയന്ത്രണത്തിനും ട്രഷറി ബില്ലുകള്‍ പുറത്തിറക്കാറുണ്ട്. വിപണി ഇടപെടല്‍ വഴി(ഓപ്പണ്‍ മാർക്കറ്റ് ഓപ്പറേഷൻ)യാണ് റിസർവ് ബാങ്ക് ടി ബില്ലുകള്‍ പുറത്തിറക്കുന്നത്.ഹ്രസ്വകാല ട്രഷറി ബില്‍ വാങ്ങാൻ വ്യക്തികള്‍ക്ക് ചുരുങ്ങിയത് 25,000 രൂപയെങ്കിലും മുടക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. പലിശ നല്‍കുന്നതില്‍നിന്ന് വ്യത്യസ്തമായി മുഖവിലയുള്ള ടി ബില്ലുകള്‍ കിഴിവ് നിരക്കിലാണ് വില്‍ക്കുക. തിരികെയെടുക്കുമ്ബോള് മുഖവില മുഴവനായും ലഭിക്കുന്നു. അതിലൂടെ നിക്ഷേപങ്ങള്‍ക്ക് മൂലധന നേട്ടം സ്വന്തമാക്കാം.
നേട്ടം ഇപ്രകാരം കണക്കാക്കാം100 രൂപ മുഖവിലയുള്ള 91 ദിവസ കാലയളവിലെ ടി ബില്‍ കിഴിവോടെ 98.20 രൂപയ്ക്ക് വില്ക്കുന്നുവെന്ന് കരുതുക.വാങ്ങല്‍ വില: 98.20മുഖവില(കാലാവധിയായ 91 ദിവസം എത്തുമ്ബോള്‍ ലഭിക്കുന്ന തുക): 100 രൂപനേട്ടം: 1.80 രൂപവാർഷിക ആദായം: 7.34 %
91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെയുള്ള കാലാവധികളിലാണ് ടി ബില്ലുകള്‍ പുറത്തിറക്കാറുള്ളത്.കേന്ദ്ര സർക്കാരിനുവേണ്ടി എല്ലാ ആഴ്ചയും ആർബിഐ ടി ബില്ലുകള്‍ ലേലം ചെയ്യാറുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴിയോ പ്രൈമറി ഡീല്‍മാർ വഴിയോ നിക്ഷേപം നടത്താം. സാധാരണക്കാർക്കും നിക്ഷേപിക്കുന്നതിനായി 2021ലാണ് ആർബിഐ റീട്ടെയില്‍ ഡയറക്ട് ഓണ്‍ലൈൻ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. സർക്കാർ സെക്യൂരിറ്റികള്‍ വാങ്ങാനും വില്‍ക്കാനും ഇതിലൂടെ എളുപ്പത്തില്‍ കഴിയും.നിലവില്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍, ഗില്‍റ്റ് ഫണ്ടുകള്‍ എന്നിവ വഴിയാണ് സർക്കാർ കടപ്പത്രങ്ങളില്‍ എസ്.ഐ.പി നിക്ഷേപത്തിന് അവസരമുള്ളത്. കടപ്പത്രവും ട്രഷറി ബില്ലും തമ്മിലുള്ള വ്യത്യാസം അവയുടെ കാലയളവിലാണ്. കടപ്പത്രങ്ങള്‍ക്ക് ദൈർഘ്യമേറിയ മെച്യൂരിറ്റി കാലയളവുണ്ടാകും. ടി ബില്ലുകള്‍ക്കാകട്ടെ ഒരു വർഷമോ അതില്‍ താഴെയോ ആയിരിക്കും.
നികുതി ബാധ്യതബാങ്ക് നിക്ഷേപം ഉള്‍പ്പടെയുള്ള സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് സമാനമായ ആദായ നികുതി ബാധ്യതയാണ് ടി ബില്ലുകള്‍ക്കുമുള്ളത്. മൊത്തം വരുമാനത്തോടൊപ്പം ചേർത്ത് ബാധകമായ സ്ലാബില്‍ നികുതി നല്‍കണം. സർക്കാർ സെക്യൂരിറ്റികള്‍ ഉള്‍പ്പടെയുള്ള കടപ്പത്രങ്ങള്‍ക്കും അവയില്‍ നിക്ഷേപിക്കുന്ന ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കും നേരത്തെ ഇൻഡസ്കേഷൻ ആനുകൂല്യം ലഭിച്ചിരുന്നു.
ചെറുകിട നിക്ഷേപകർക്ക് സർക്കാർ സെക്യൂരിറ്റികളില്‍ എസ്.ഐ.പിയായി നിക്ഷേപിക്കാൻ അവസരമൊരുങ്ങുന്നു. ഇതിനായി റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം വിപുലീകരിക്കുമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.ആർ.ബി.ഐയുടെ പണനയ പ്രഖ്യാപനത്തിനിടെയാണ് പുതിയ നിക്ഷേപ സാധ്യത അവതരിപ്പിച്ചത്. സാധാരണ നിക്ഷേപകർക്ക് സർക്കാർ സെക്യൂരിറ്റികളിലെ നിക്ഷേപം ഇതോടെ ലളിതമാകും.മ്യൂച്വല്‍ ഫണ്ടുകളിലെ എസ്.ഐ.പികള്‍ക്ക് സമാനമായി ട്രഷറി ബില്ലുകളില്‍ കൃത്യമായ ഇടവേളകളില്‍ നിക്ഷേപം നടത്താനാണ് അവസരമൊരുങ്ങുന്നത്. എസ്.ഐ.പി സൗകര്യം ഏർപ്പെടുത്തുന്നതോടെ സർക്കാർ സെക്യൂരിറ്റി വിപണിയില്‍ റീട്ടെയില്‍ പങ്കാളിത്തം വർധിപ്പിക്കാനും കഴിയും. ചിട്ടയായ, ദീർഘകാല നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു


