whatsapp chat
Call now
Latest

അച്ഛനെ കൊന്ന സഹോദരനെ 8 വര്‍ഷം കാത്തിരുന്ന് വധിച്ചു; പരോളിലിറങ്ങിയപ്പോള്‍ 17-കാരിയെവെച്ച്‌ ‘കെണി’യൊരുക്കി

ഭോപ്പാൽ:ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കാത്തിരുന്ന ശേഷം അച്ഛനെ കൊന്ന സഹോദരനോട് പ്രതികാരം ചെയ്തിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു പോലീസുകാരൻ.സഹോദരനെ വശീകരിക്കാൻ 17-കാരിയേയും വാടക കൊലയാളികളേയും നിയോഗിച്ചായിരുന്നു കൊലപാതകം. അച്ഛൻറെ മരണംകഴിഞ്ഞ് എട്ട് വർഷങ്ങള്‍ക്ക് ശേഷമായിരുന്നു പ്രതികാരം.2017-ലാണ് റിട്ട.പോലീസ് ഇൻസ്പെക്ടറായ ഹനുമാൻ സിങ് തോമർ കൊല്ലപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന മകൻ ഭാനു തോമറിനും വെടിയേറ്റിരുന്നു. തലനാരിഴയ്ക്കാണ് ഭാനു തോമർ രക്ഷപ്പെട്ടത്. ഹനുമാൻ സിങ് തോമറിന്റെ മൂത്ത മകൻ അജയ് ആണ് കൊലപാതകം നടത്തിയത്. അജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. ഹനുമാൻ സിങ് തോമറിന്റെ മരണത്തോടെ മകൻ ഭാനു തോമറിന് പോലീസില്‍ ജോലി ലഭിച്ചു. കണ്‍ മുന്നിലിട്ട് പിതാവിനെ കൊന്ന സഹോദരനോടുള്ള പ്രതികാരം വർഷങ്ങളോളും ഭാനു തോമർ മനസ്സിലൊളിപ്പിച്ച്‌ നടന്നു.

കഴിഞ്ഞ മാസം അജയ്ക്ക് 40 ദിവസത്തെ പരോള്‍ ലഭിച്ചു. ജയിലില്‍നിന്ന് പുറത്തിറങ്ങി ഒമ്ബത് ദിവസത്തിന് ശേഷം ജൂലായ് 23-ന് അജയ് ശിവപുരിയില്‍നിന്ന് ഗ്വാളിയാറിലേക്ക് കാറില്‍ യാത്രചെയ്യുകയായിരുന്നു. 17-കാരിയായ ഒരു പെണ്‍കുട്ടിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പെണ്‍കുട്ടി അജയ് യുമായി അടുത്തിടെയാണ് സൗഹൃദത്തിലായത്. ഏഴ് വർഷത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ അജയ് വളരെ ഉന്മേഷവാനായിരുന്നു. തന്റെ കൂടെയുള്ള പെണ്‍കുട്ടി ഒരു ഒറ്റുകാരിയാണെന്നോ, താനറിയാതെ ഒരു കൊലപാതക പദ്ധതിയിലേക്കാണ് നടന്നുകയറുന്നതെന്നോ അയാള്‍ അറിഞ്ഞിരുന്നില്ല. യാത്ര പുറപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ അച്ഛൻ കൊല്ലപ്പെട്ടതുപോലെ വെടിയുണ്ടകളേറ്റ് അജയും കൊല്ലപ്പെട്ടു. ഗൂഢപദ്ധതി നടപ്പാക്കി ഭാനു തോമർ സഹോദരനോടുള്ള പ്രതികാരം തീർത്തു.സ്വത്ത് സംബന്ധിച്ച്‌ തർക്കത്തിനൊടുവിലാണ് അജയ് തന്റെ പിതാവിനെ 2017 മെയ് 23ന് കൊലപ്പെടുത്തിയത്. അമ്മ ശകുന്തളാ ദേവിയുടെയും സഹോദരൻ ഭാനു തോമറിന്റെയും മൊഴിയുടെ അടിസ്ഥാത്തില്‍ അജയ് പിടിയിലായി. അജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷയും ലഭിച്ചു.

വർഷങ്ങള്‍ക്കുശേഷം അജയ്ക്ക് ലഭിച്ച പരോള്‍ ഭാനു തോമർ ഒരു അവസരമായി കണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അജയ്ക്കൊപ്പം ഉണ്ടായിരുന്ന 17 വയസ്സുകാരി, ഇൻഡോറിലെ ജുവനൈല്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ട ഒരു കൂട്ടബലാത്സംഗ കേസിലെ പ്രതിയായിരുന്നു. ഭാനു തോമർ 17-കാരിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. അതനുസരിച്ച്‌ പെണ്‍കുട്ടി അജയുമായി സൗഹൃദം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുക്കുകയുംചെയ്തു. തുടർന്ന് അജയ്ക്കൊപ്പം ഗ്വാളിയോറിലേക്ക് പോകുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.കൊലപാതകത്തിനായി മറ്റൊരു കൊലപാതകക്കേസില്‍ ശിക്ഷകഴിഞ്ഞ് അടുത്തിടെ ജയില്‍ മോചിതനായ കൊടുംകുറ്റവാളി ധർമ്മേന്ദ്ര കുശ്വാഹയെയെയും ഭാനു തോമർ ഏർപ്പാടിക്കി. ഒരു ലക്ഷം രൂപയ്ക്കായിരുന്നു കരാർ. ഇൻസ്റ്റാഗ്രാം വഴിയാണ് ഭാനു ധർമേന്ദ്രയുമായി ബന്ധപ്പെട്ടതെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

അജയിയുടെ കാർ ഗ്വാളിയോറിലേക്ക് പോകുന്നതും വാടകക്കൊലയാളികള്‍ അതിനെ പിന്തുടരുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. നയാഗാവ് തിരാഹയിലെ ഒരു പെട്രോള്‍ പമ്ബിന് സമീപംവെച്ച്‌, ശുചിമുറിയില്‍ പോകണമെന്നാവശ്യപ്പെട്ട് 17-കാരി അജയിയോട് വണ്ടി നിർത്താൻ പറഞ്ഞു. തുടർന്ന് പെണ്‍കുട്ടി കാറില്‍നിന്ന് പുറത്തിറങ്ങി. കൊലയാളികള്‍ക്ക് അതൊരു സൂചനയായിരുന്നു. നിമിഷങ്ങള്‍ക്കകം കൊലയാളികള്‍ കാറിനടുത്തെത്തി അജയ്ക്കുനേരെ വെടിയുണ്ടകള്‍ വർഷിച്ചു. സംഭവസ്ഥലത്ത് വെച്ചുതന്നെ അജയ് കൊല്ലപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളില്‍, ദുഃഖം അഭിനയിച്ച ഭാനു, അജയിയുടെ അന്ത്യകർമങ്ങളിലും പങ്കെടുത്തു. മൂന്ന് ദിവസത്തിന് ശേഷം ഭാനു ആരുമറിയാതെ ബാങ്കോക്കിലേക്ക് കടന്നു.പെണ്‍കുട്ടിയേയും വാടക കൊലയാളിയേയും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നിലെ ആളെ കണ്ടെത്താൻ പോലീസിനായത്. ശിവപുരിക്കും ഗ്വാളിയോറിനും ഇടയിലുള്ള 500 ക്യാമറകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ദൃശ്യങ്ങളിലൊന്നില്‍, 17-കാരി ഒരു കാറില്‍ നിന്നിറങ്ങുന്നത് കാണാമായിരുന്നു. ഈ കാർ ഭാനു തോമറിന്റേതായിരുന്നു. ഗൂഢാലോചനയില്‍ പങ്കാളിയായിരുന്ന ധർമേന്ദ്രയെയും ഭാനുവിന്റെ ബന്ധു മോനേഷിനെയും താമസിയാതെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമായ പിസ്റ്റളും ഭാനു തോമറിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന മറ്റ് തെളിവുകളും പോലീസ് കണ്ടെടുത്തു.ഇപ്പോള്‍ ബാങ്കോക്കിലുള്ള ഭാനു തോമറിനെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ് പോലീസ്. ‘ഒരു കുടുംബ വഴക്ക് കൊലപാതക ദൗത്യമായി മാറി’ എന്ന് ശിവപുരി പോലീസ് സൂപ്രണ്ട് അമൻ സിങ് റാത്തോഡ് പറഞ്ഞു. ഭാനുവിന്റെ പേരില്‍ ലുക്ക്‌ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അയാളുടെ മടങ്ങിവരവ് ഉറപ്പാക്കാൻ പാസ്പോർട്ട് സംബന്ധിച്ച വിവരം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.