കോഴിക്കോട്: വെള്ളിമാട്കുന്നിൽ മോഷണശ്രമത്തിനിടയിൽ ഝാർഖണ്ഡ് സ്വദേശിയായ ഔസാങ് ഖാൻ (31) പിടിയിലായി. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ മൂഴിക്കൽ ജുമാ മസ്ജിദിന് സമീപമുള്ള കൊടമ്പാട്ടിൽ സുരേഷിന്റെ വീട്ടിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ചുകയറി എൺപതുകാരിയായ കമലമ്മയെ പ്രതി ആക്രമിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന മരുമകൾ പുറത്തേക്ക് പോകുന്ന സമയത്ത് പ്രതി വീടിനടുത്ത റോഡിൽ ഇരിപ്പുണ്ടായിരുന്നു. എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് അവർ ചോദിച്ചപ്പോൾ മഴ കാരണമാണെന്ന മറുപടിയാണ് നൽകിയത്.

യുവതി പോയ തക്കം നോക്കി പ്രതി കാർ പോർച്ചിനടുത്തേക്ക് നീങ്ങി. ഇത് കണ്ട് ഭയന്ന കമലമ്മ ഉടൻ വാതിലടച്ചു.എന്നാൽ ജനലിന്റെ ചില്ല് തകർത്ത പ്രതി വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും, അതിന് തയ്യാറാകാതിരുന്നപ്പോൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി കമലമ്മയുടെ കഴുത്തിൽ പിടിക്കുകയുമായിരുന്നു. പിടിവലിക്കൊടുവിൽ കുതറിമാറിയ കമലമ്മ കരഞ്ഞുകൊണ്ട് റോഡിലേക്ക് ഓടിയെത്തി നാട്ടുകാരോട് വിവരം പറഞ്ഞു.
നാട്ടുകാർ എത്തുമ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് സമീപത്തെ മറ്റൊരു വീട്ടിൽ നിന്ന് പ്രതിയെ പിടികൂടിയത്.

കമലമ്മ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയുടെ തലയിലേറ്റ മുറിവിൽ നിന്നുള്ള രക്തത്തുള്ളികൾ വീടിനകത്തുണ്ടായിരുന്നുവെന്ന് ചേവായൂർ പൊലീസ് വ്യക്തമാക്കി. നാട്ടിലെത്തി മൂന്ന് ദിവസമേ ആയിട്ടുള്ളൂവെന്നും പ്രതിയെക്കുറിച്ചുള്ള കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.


