ന്യൂഡൽഹി: കെപിസിസി-ഡിസിസി പുനഃസംഘടനയ്ക്കായി ഹൈക്കമാൻഡുമായി ചർച്ച നടത്താൻ കേരള നേതാക്കള്‍ ഡല്‍ഹിയില്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുമുമ്ബ് പാർട്ടിയെ അടിത്തട്ടില്‍ ശക്തമാക്കുന്നതിന് പുനഃസംഘടന അതിവേഗം പൂർത്തിയാക്കുകയാണുദ്ദേശ്യം.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്ബില്‍ എന്നിവർ ദേശീയ ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷിക്കൊപ്പം എംപിമാരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടി. ഒരാഴ്ചയ്ക്കകം ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.
കെപിസിസിയില്‍ പുതിയ ആളുകളെ ചേർത്ത് വിപുലീകരിക്കാനുള്ള ചർച്ചകളാണ് ചൊവ്വാഴ്ച പ്രധാനമായും നടന്നത്. കോണ്‍ഗ്രസ്, കെ.എസ്.യു. വിഭാഗങ്ങളില്‍ പ്രവർത്തിച്ചവർക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിലടക്കം അഭിപ്രായം തേടി. ഡിസിസി പ്രസിഡന്റുമാരില്‍ മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിലുള്ളവരെ നിലനിർത്താനും മറ്റുള്ളവരെ മാറ്റാനും നേരത്തെ ആലോചനയുണ്ടായിരുന്നു. എന്നാല്‍ കെപിസിസി അധ്യക്ഷനും ഡിസിസി പ്രസിഡന്റും ക്രിസ്ത്യൻ വിഭാഗത്തില്‍ നിന്ന് വരുന്ന അവസ്ഥ കണ്ണൂരിലുണ്ട്.കണ്ണൂരില്‍ മാർട്ടിൻ ജോർജും കോഴിക്കോട് പ്രവീണ്‍കുമാറും എറണാകുളത്ത് മുഹമ്മദ് ഷിയാസും തൃശ്ശൂരില്‍ ജോസഫ് ടാജെറ്റും മലപ്പുറത്ത് വി.എസ്. ജോയിയുമാണ് നിലവില്‍ അധ്യക്ഷന്മാർ. വലംകൈ കൂടിയായ മാർട്ടിൻ ജോർജിനെ മാറ്റുന്നതിനോട് സുധാകരന് യോജിപ്പില്ല. തന്റെ മനസ്സ് സണ്ണി ജോസഫിനും അദ്ദേഹത്തിന്റെ മനസ്സ് തനിക്കും അറിയാമെന്ന് സുധാകരൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. മാർട്ടിൻ ജോർജിനെപ്പോലെ ചോദ്യം ചെയ്യാനാവാത്ത പ്രവർത്തനം നടത്തിയ മൂന്നുനാലു അധ്യക്ഷൻമാർ കൂടിയുണ്ടെന്നും അവരെയും മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് രാജേന്ദ്രപ്രസാദിനെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ മാറ്റരുതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും നിർദേശിച്ചു. ഫോണ്‍ സംഭാഷണം ചോർന്നതിനെ തുടർന്ന് രാജിവെച്ച പാലോട് രവിക്ക് പകരം വന്ന എൻ. ശക്തനെ സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് നാടാർ വിഭാഗത്തില്‍ നിന്ന് ആവശ്യമുയർന്നിട്ടുണ്ടെന്ന് നേതാക്കള്‍ പറയുന്നു. ഇതോടെ അക്കാര്യത്തിലും തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥയിലാണ് പാർട്ടി.സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ അടുത്ത തവണ അധികാരത്തിലേറാമെന്നും പാർട്ടി വിലയിരുത്തുന്നു. അതിനാല്‍ നേതാക്കള്‍ക്കിടയില്‍ വലിയ അസംതൃപ്തിക്കിട വരുത്താത്ത വിധം പുനഃസംഘടന വരുത്തുകയാണ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ ലക്ഷ്യമിടുന്നത്. എംപിമാരുടെയടക്കം അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പട്ടികയില്‍ വീണ്ടും ചർച്ച നടത്തിയാവും ഹൈക്കമാൻഡുമായി കൂടുതല്‍ ചർച്ച.



