ബിഹാറിലെ വോട്ടർ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ്. ബാരാചട്ടി മണ്ഡലത്തിലെ ബോധ്ഗയയിലെ നിദാനി ഗ്രാമത്തില്‍ ഒരു വീട്ടുനമ്ബറില്‍ 947 വോട്ടർമാരുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ പുതിയ ആരോപണം.

നിദാനിയിലെ വീട്ടുനമ്ബർ ആറില്‍ ഏകദേശം 947 വോട്ടർമാരെ ചേർത്തതായി പാർട്ടി ആരോപിച്ചു. സാമൂഹികമാധ്യമമായ എക്സിലൂടെ ആയിരുന്നു കോണ്‍ഗ്രസ് ഇക്കാര്യം ആരോപിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്.
നിദാനിയില്‍ നൂറുകണക്കിന് വീടുകളും കുടുംബങ്ങളുമുണ്ടായിട്ടും ഗ്രാമത്തെ മുഴുവൻ ഒരു സാങ്കല്‍പിക വീടിന് കീഴിലാക്കിയെന്നാണ് സംഭവം സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇതൊരു അസാധാരണ സാഹചര്യമാണെന്ന് വിശേഷിപ്പിച്ച പാർട്ടി, വീടുകള്‍ കയറിയുള്ള കൃത്യമായ പരിശോധന നടത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ പരാജയപ്പെട്ടുവെന്നും ആരോപിച്ചു.
വോട്ടർ പട്ടികയില്‍നിന്ന് യഥാർഥ വീട്ടുനമ്ബറുകള്‍ ഒഴിവാക്കുന്നത് ദുരുപയോഗത്തിന് വഴിവെക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇത്തരത്തിലുള്ള നടപടി വ്യാജ വോട്ടർമാരെയോ ഇരട്ടവോട്ടുകളെയോ ഒളിച്ചുവെക്കാൻ എളുപ്പമാക്കുമെന്നും ഇതിലൂടെ ആർക്കാണ് നേട്ടമെന്നും പാർട്ടി ചോദിച്ചു. ഇതൊരു സാധാരണ പിഴവല്ല. സുതാര്യതയുടെ പേരിലുള്ള തമാശയാണ്. വിഷയത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വിശദീകരണം നല്‍കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, കോണ്‍ഗ്രസിന്റെ എക്സിലെ കുറിപ്പ് പങ്കുവെച്ച് പരിഹാസവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ജാലവിദ്യ കാണൂ. ഒരു ഗ്രാമത്തെ മുഴുവൻ ഒരു കെട്ടിടത്തിനുള്ളിലാക്കിയിരുന്നു, രാഹുല്‍ എക്സില്‍ കുറിച്ചു.


