whatsapp chat
Call now
dead

കരയിപ്പിച്ച് കടന്ന് പോയ ചിരിക്കാലം; നടൻ സലിം കുമാര്‍ വിടവാങ്ങി

കൊച്ചി: മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ ബാധിതനായിരുന്നു. രാവിലെ ഒൻപത് മണിക്ക് പറവൂർ ടൗണ്‍ഹാളിലാണ്‌ പൊതുദർശനം. സംസ്കാരം ഉച്ചയ്ക്ക് സലിം കുമാറിൻ്റെ വസതിയിൽ നടക്കും.

മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങിയ സലിം കുമാർ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. 1996-ൽ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിൻ്റെ സിനിമാ അരങ്ങേറ്റം. 2006ൽ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സലിംകുമാർ അർഹനായി. 2011ൽ ആദാമിന്റെ മകൻ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന,ദേശീയ ചലച്ചിത്ര പുരസ്കാരവും സലിം സ്വന്തമാക്കി. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 320ലധികം കഥാപാത്രങ്ങളെയാണ് സലിം കുമാറെന്ന അഭിനേതാവ് അവിസ്മരണീയമാക്കിയത്. സംസ്ഥാന ചലചിത്ര പുരസ്കാരം നേടിയ കറുത്ത ജൂതൻ ഉൾപ്പെടെ മൂന്ന് സിനിമകളിൽ സംവിധായകനെന്ന നിലയിലും കൈയ്യൊപ്പ് പതിപ്പിച്ചു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. കറുത്ത ജൂതൻ്റെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത് സലിം കുമാറായിരുന്നു.

2000 മുതൽ 2005 വരെയുള്ള കാലയളവായിരുന്നു സലിം കുമാറെന്ന അഭിനേതാവിൻ്റെ സിനിമാ ജീവിതത്തിലെ സുവർണകാലം. തെങ്കാശി പട്ടണത്തിലെ കള്ളൻ, ഈ പറക്കും തളികയിലെ മായാണ്ടി, സിഐഡി മൂസയിലെ പേരില്ലാത്ത കഥാപാത്രം, കല്യാണരാമനിലെ പ്യാരി, പുലിവാൽ കല്യാണത്തിലെ മണവാളൻ, മീശമാധവനിലെ അഡ്വേക്കേറ്റ് മുകുന്ദനുണ്ണി എന്നിങ്ങനെ മലയാളി എന്നും നെഞ്ചോടു ചേർക്കുന്ന കഥാപത്രങ്ങൾ മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യതാരങ്ങളുടെ പട്ടികയിലേക്കു സലിംകുമാറിനെ എത്തിച്ചു.

ഹാസ്യവേഷം മാത്രമല്ല കൂടുതൽ അഭിനയപ്രാധാന്യമുള്ള സീരിയസ് വേഷങ്ങളും തനിക്കു ചേരുമെന്ന് സലിംകുമാർ തെളിയിച്ച കാലമായിരുന്നു പിന്നീട്. 2006ൽ പുറത്തിറങ്ങിയ ലാൽജോസ് ചിത്രം അച്ഛനുറങ്ങാത്ത വീടായിരുന്നു ഇതിനു തുടക്കം. ചിത്രത്തിലെ സാമുവൽ എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സലിംകുമാറിനു നേടികൊടുത്തു. 2011ൽ ആദാമിന്റെ മകൻ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരവും സലിം സ്വന്തമാക്കി.

1969 ഒക്ടോബർ പത്തിന് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ഗംഗാധരൻ- കൌസല്യ ദമ്പതികളുടെ ഇളയ മകനായാണ് സലിംകുമാറിന്റെ ജനനം. ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലും ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മാല്യങ്കര എസ്എൻഎം കോളജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനിടെയാണ് മിമിക്രി രംഗത്തേക്കു കടന്നത്. മഹാരാജാസ് കോളജിൽ ബിരുദ പഠനത്തിനിടെ എംജി സർവകലാശാല കലോത്സവത്തിൽ മിമിക്രി മത്സരത്തിൽ മൂന്ന് തവണ വിജയിയായി.

അക്കാലത്ത് മലയാളത്തിലെ മിമിക്രിയുടെ പ്രധാന കേന്ദ്രമായിരുന്ന കൊച്ചിൻ കലാഭവനിൽ എത്താനായത് സലിം കുമാറിൻ്റെ കലാ ജീവിതത്തിലെ വഴിത്തിരിവായി. മെലിഞ്ഞ രൂപവും ഹാസ്യരസം മിന്നിമായുന്ന മുഖവും പ്രത്യേക ചിരിയുമായി സലിംകുമാർ ആരാധകരെ കൈയ്യിലെടുത്തു. കോമിക്കോള എന്ന ടെലിവിഷൻ ഹാസ്യപരിപാടിയിലെ പ്രകടനം വെള്ളിത്തിരയിലേക്കു വഴിതുറന്നു. 1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടത്തിലൂടെ സിനിമയിൽ അരങ്ങേറി.സുനിതയാണ് ഭാര്യ. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.