നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സിഗ്നല്‍ ലൈറ്റ് ഓഫാക്കി പോലീസുകാർ നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി.

രാവിലെ 8:30 മുതല്‍ 10 വരെയും, വൈകിട്ട് 5 മുതല്‍ 7:30 വരെയും സിഗ്നല്‍ ഓഫ് ചെയ്യാനാണ് നിർദേശം. പാലാരിവട്ടം വരെയുള്ള ബാനർജി റോഡ്, മെഡിക്കല്‍ ട്രസ്റ്റ് മുതല്‍ വൈറ്റില വരെയുള്ള സഹോദരൻ അയ്യപ്പൻ റോഡ് എന്നിവിടങ്ങളിലാണ് തിരക്കേറിയ സമയങ്ങളില്‍ സിഗ്നല്‍ ഓഫ് ചെയ്ത് പോലീസുകാർ ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
ജസ്റ്റിസ് അമിത് റാവല്‍ ആണ് നിർദേശം നല്‍കിയിരിക്കുന്നത്. കൊച്ചി നഗരത്തില്‍ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നല്‍കിയിരുന്നു. ബാനർജി റോഡില്‍ പാലാരിവട്ടം മുതല്‍ ഹൈക്കോടതി വരെയും സഹോദരൻ അയ്യപ്പൻ റോഡില്‍ വൈറ്റില മുതല്‍ പള്ളിമുക്ക് വരെയുമുള്ള ഭാഗത്താണ് ഗതാഗതക്കുരുക്ക് രൂക്ഷം. ഇവിടങ്ങളില്‍ ഇനി മുതല്‍ പോലീസ് നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്നാണ് നിർദേശം.
അതേസമയം, സ്വകാര്യ ബസ്സുകളുടെ സമയക്രമത്തില്‍ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. 15 ദിവസത്തിനകം യോഗം ചേരണമെന്ന് ഓഗസ്റ്റ് എട്ടിന് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നിട്ടും തുടർനടപടികള്‍ ഉണ്ടാകാതിരുന്നത് കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി വിമർശിച്ചു. സെപ്റ്റംബർ പത്തിനകം യോഗം ചേരണമെന്നും ഇല്ലെങ്കില്‍ അമിക്കസ് ക്യൂറി ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് അമിത് റാവല്‍ വ്യക്തമാക്കി.


