ഗാസയിലെ കൊലപാതകങ്ങളില്‍ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി. ഇസ്രയേല്‍ വംശഹത്യ നടത്തുകയാണെന്നും പലസ്തീനികള്‍ ദുരിതമനുഭവിക്കുമ്ബോള്‍ ഇന്ത്യൻ സർക്കാർ മൗനം പാലിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.അതേസമയം, പ്രിയങ്ക ഗാന്ധിയുടേത് നാണംകെട്ട വഞ്ചനയാണെന്ന് ഇസ്രയേല്‍ അംബാസഡർ റൂവെൻ അസാർ പ്രതികരിച്ചു.

18,430 കുട്ടികളടക്കം 60,000-ത്തിലധികം പേർ മരിച്ചുവെന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക ആരോപണം ഉന്നയിച്ചത്. മാത്രമല്ല, അഞ്ച് മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയത് ഹീനമായ കുറ്റകൃത്യമാണെന്നും പ്രിയങ്ക പറഞ്ഞു. ഇതിനുനേരെ കേന്ദ്രസർക്കാർ മൗനം പാലിക്കുകയാണെന്നും നിശബ്ദതയിലൂടെയും നിഷ്ക്രിയത്വത്തിലൂടെയും ഇത്തരം പ്രവർത്തനങ്ങളെ സാധൂകരിക്കുന്നത് കുറ്റകൃത്യമാണെന്നും പ്രിയങ്ക പറഞ്ഞു.’അഞ്ച് അല്‍ ജസീറ മാധ്യമപ്രവർത്തകരുടെ നിഷ്ഠൂരമായ കൊലപാതകം പലസ്തീൻ മണ്ണില്‍ നടന്ന മറ്റൊരു ഹീനമായ കുറ്റകൃത്യമാണ്. സത്യത്തിനുവേണ്ടി നിലകൊള്ളാൻ ധൈര്യപ്പെടുന്നവരുടെ അളവറ്റ ധൈര്യത്തെ ഇസ്രയേല്‍ ഭരണകൂടത്തിന്റെ അക്രമത്തിനും വിദ്വേഷത്തിനും ഒരിക്കലും തകർക്കാനാവില്ല. മാധ്യമങ്ങളില്‍ ഭൂരിഭാഗവും അധികാരത്തിനും വാണിജ്യത്തിനും അടിമപ്പെട്ട ഒരു ലോകത്ത്, ഈ ധീരരായ ആത്മാക്കള്‍ യഥാർത്ഥ പത്രപ്രവർത്തനം എന്താണെന്ന് നമ്മെ ഓർമ്മിപ്പിച്ചു. അവർക്ക് നിത്യശാന്തി നേരുന്നു.’ എന്നാണ് പ്രിയങ്ക ഗാന്ധി ‘എക്സ്’ പോസ്റ്റില്‍ കുറിച്ചത്.
മറ്റൊരു പോസ്റ്റില്‍ അവർ കുറിച്ചു: ‘ഇസ്രയേല്‍ ഭരണകൂടം വംശഹത്യ നടത്തുകയാണ്. 18,430 കുട്ടികളടക്കം 60,000-ത്തിലധികം ആളുകളെ അവർ കൊന്നൊടുക്കി. നിരവധി കുട്ടികളടക്കം നൂറുകണക്കിന് ആളുകളെ പട്ടിണിക്കിട്ട് കൊല്ലുകയും ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിക്കിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. നിശബ്ദതയിലൂടെയും നിഷ്ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങള്‍ക്ക് അവസരമൊരുക്കുന്നത് കുറ്റകൃത്യമാണ്. പലസ്തീനിലെ ജനങ്ങള്‍ക്ക് മേല്‍ ഇസ്രയേല്‍ ഈ നാശം വിതയ്ക്കുമ്ബോള്‍ ഇന്ത്യൻ സർക്കാർ നിശബ്ദമായി നില്‍ക്കുന്നത് ലജ്ജാകരമാണ്.’
അതേസമയം, പ്രിയങ്കയുടെ ആരോപണങ്ങളെ ഇസ്രായേല്‍ അംബാസഡർ റൂവെൻ അസാർ തള്ളിക്കളഞ്ഞു. ‘നിങ്ങളുടെ വഞ്ചന നാണംകെട്ടതാണ്. ഇസ്രയേല്‍ 25,000 ഹമാസ് ഭീകരരെ വധിച്ചു. സാധാരണക്കാർക്ക് പിന്നില്‍ ഒളിക്കുക, ഒഴിഞ്ഞുപോകാനോ സഹായം സ്വീകരിക്കാനോ ശ്രമിക്കുന്ന ആളുകളെ വെടിവെക്കുക, റോക്കറ്റ് ആക്രമണം നടത്തുക തുടങ്ങിയ ഹമാസിന്റെ ഹീനമായ തന്ത്രങ്ങളാണ് ഈ ഭയാനകമായ ആള്‍നാശത്തിന് കാരണം. ഇസ്രയേല്‍ 20 ലക്ഷം ടണ്‍ ഭക്ഷണം ഗാസയിലേക്ക് എത്തിക്കാൻ സൗകര്യമൊരുക്കിയപ്പോള്‍, ഹമാസ് അത് പിടിച്ചെടുക്കാൻ ശ്രമിക്കുകയും അതുവഴി പട്ടിണി സൃഷ്ടിക്കുകയും ചെയ്തു. കഴിഞ്ഞ 50 വർഷത്തിനിടെ ഗാസയിലെ ജനസംഖ്യ 450% വർദ്ധിച്ചു, അവിടെ വംശഹത്യയില്ല. ഹമാസിന്റെ കണക്കുകള്‍ വിശ്വസിക്കരുത്.’ റൂവെൻ അസാർ ‘എക്സി’ല്‍ കുറിച്ചു.


