ജൂലായ് മാസത്തിലെ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റ് താരമായി ഇന്ത്യയുടെ ടെസ്റ്റ് നായകൻ ശുഭ്മാൻ ഗില്‍.അടുത്തിടെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലെ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. ഇത് നാലാം തവണയാണ് ഗില്‍ ഐസിസിയുടെ പ്ലയർ ഓഫ് ദ മന്ത് നേട്ടത്തിന് അർഹനാകുന്നത്.

ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്, ദക്ഷിണാഫ്രിക്കൻ താരം താരം വിയാൻ മുള്‍ഡർ എന്നിവരെ മറികടന്നാണ് ഗില്‍ പുരസ്കാരം നേടിയത്. ജൂലായ് മാസത്തില്‍ മൂന്ന് ടെസ്റ്റുകളില്‍ നിന്നായി 567 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. 94.50 ആണ് ശരാശരി. രണ്ട് സെഞ്ചുറികളും ഒരു ഇരട്ട സെഞ്ചുറിയും താരം നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്ബരയില്‍ മികച്ച ഇന്ത്യൻ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഗില്ലായിരുന്നു. അഞ്ചു ടെസ്റ്റിലെ 10 ഇന്നിങ്സുകളില്‍ നിന്നായി 75.40 ശരാശരിയില്‍ 754 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. നാല് സെഞ്ചുറികളും ഒരു ഇരട്ട സെഞ്ചുറിയും ആ ബാറ്റില്‍ നിന്ന് പിറന്നു.ഒരു ടെസ്റ്റ് പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യൻ നായകനെന്ന റെക്കോഡ് ഗില്‍ സ്വന്തമാക്കിയിരുന്നു. സുനില്‍ ഗാവസ്കറിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്. 1978-79 ല്‍ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ ഗാവസ്കർ 732 റണ്‍സാണ് അടിച്ചെടുത്തത്. ഈ റെക്കോഡാണ് ഗില്‍ മറികടന്നത്.
ക്യാപ്റ്റനായുള്ള അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റ് പരമ്ബരയില്‍ നാല് സെഞ്ചുറി നേടി ഇന്ത്യൻ നായകൻ പുതിയ റെക്കോഡിട്ടിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് ഗില്‍. നായകനായ ആദ്യ ടെസ്റ്റ് പരമ്ബരയില്‍ മൂന്ന് സെഞ്ചുറി നേടിയ ഡോണ്‍ ബ്രാഡ്മാൻ, വിരാട് കോലി, ഗ്രേഗ് ചാപ്പല്‍, വാർവിക്ക് ആംസ്ട്രോങ്, സ്റ്റീവൻ സ്മിത്ത് എന്നിവരെ നാലാം ടെസ്റ്റിലെ രണ്ടാമിന്നിങ്സില്‍ നേടിയ സെഞ്ചുറിയോടെ തന്നെ ഗില്‍ മറികടന്നിരുന്നു.ഒരു പരമ്ബരയില്‍ നാല് സെഞ്ചുറി നേടുന്ന ക്യാപ്റ്റൻ എന്ന ബ്രാഡ്മാന്റെയും ഗാവസ്ക്കറുടെയും റെക്കോഡിനൊപ്പവും ഗില്‍ എത്തിയിരുന്നു.


