ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചുകൊല്ലമോ അതില്‍ക്കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്, അറസ്റ്റിലായി മുപ്പതുദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏത് മന്ത്രിയെയും നീക്കംചെയ്യാൻ വ്യവസ്ഥചെയ്യുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അഴിമതിക്കെതിരേ പോരാടുന്നതിനാണ് അത്തരം നിയമനിർമാണം അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബില്ല് കൊണ്ടുവന്നതില്‍ ഞെട്ടിയത് അഴിമതിക്കാരാണെന്നും ബില്‍ പാസായാല്‍ ഇത്തരം അഴിമതിക്കാരുടെ മന്ത്രിസ്ഥാനം പോകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ബിഹാറിലെ ഗയാജിയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ജയിലിലാകുന്ന മന്ത്രിമാരെ പുറത്താക്കുന്ന ബില്ലിനെക്കുറിച്ചുള്ള മോദിയുടെ ആദ്യ പരസ്യപ്രതികരണമാണിത്.
അറസ്റ്റ് ചെയ്യപ്പെട്ടാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ജോലി നഷ്ടപ്പെടുന്ന ഒരു സാധാരണ സർക്കാർ ജീവനക്കാരന്റെ ഉദാഹരണം ചൂണ്ടിക്കാണിച്ച മോദി, ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും സ്ഥാനമൊഴിയാൻ എന്തുകൊണ്ട് നിർബന്ധിച്ചുകൂടാ എന്നും ചോദിച്ചു.
”ഇന്ന് ആരും നിയമത്തിന് അതീതരായിരിക്കരുത്. എന്നാല്‍ ചില മുഖ്യമന്ത്രിമാർ, മന്ത്രിമാർ, അല്ലെങ്കില്‍ പ്രധാനമന്ത്രിമാർ പോലും ജയിലില്‍ കഴിയുമ്ബോള്‍ അധികാരം ആസ്വദിക്കുന്നു. അതെങ്ങനെ സാധ്യമാകും? ഒരു സർക്കാർ ജീവനക്കാരനെ 50 മണിക്കൂർ തടവിലാക്കിയാല്‍, അയാള്‍ക്ക് ജോലി നഷ്ടപ്പെടും. അത് ഡ്രൈവറായാലും ക്ലാർക്കായാലും പ്യൂണായാലും എല്ലാം. എന്നാല്‍, ഒരു മുഖ്യമന്ത്രിക്കോ മന്ത്രിക്കോ പ്രധാനമന്ത്രിക്കോ ജയിലില്‍ നിന്നുപോലും സർക്കാരിന്റെ ഭാഗമായി തുടരാൻ സാധിക്കും”, അദ്ദേഹം പറഞ്ഞു.
2024 മാർച്ച് 21-ന് ഡല്‍ഹിയില്‍ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി തിഹാർ ജയിലില്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയായി തുടർന്ന ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ അനുഭവം മോദി പരാമർശിച്ചു. ”കുറച്ചുകാലം മുമ്ബ്, ജയിലില്‍നിന്ന് ഫയലുകള്‍ ഒപ്പിടുന്നതും സർക്കാർ ഉത്തരവുകള്‍ ജയിലില്‍നിന്ന് നല്‍കുന്നതും നമ്മള്‍ കണ്ടു. നേതാക്കള്‍ക്ക് അത്തരമൊരു മനോഭാവമുണ്ടെങ്കില്‍, നമുക്ക് എങ്ങനെ അഴിമതിക്കെതിരെ പോരാടാനാകും. എൻഡിഎ സർക്കാർ അഴിമതിക്കെതിരെ ഒരു നിയമം കൊണ്ടുവന്നിട്ടുണ്ട്, പ്രധാനമന്ത്രിയും അതിന്റെ പരിധിയില്‍ വരും”, മോദി കൂട്ടിച്ചേർത്തു.
കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ഭരണഘടനാ (130 ഭേദഗതി) ബില്‍, ഗവണ്‍മെന്റ് ഓഫ് യൂണിയൻ ടെറിട്ടറീസ് (അമെൻഡ്മെന്റ്) ബില്‍ 2025, ജമ്മു കശ്മീർ പുനഃസംഘടനാ (ഭേദഗതി) ബില്‍ 2025 എന്നിവ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം ബില്ലിന്റെ പകർപ്പ് കീറിയെറിയുകയും ബില്ലിന്മേല്‍ അതിരൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഒടുവില്‍ അറസ്റ്റിലായി മുപ്പതുദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏത് മന്ത്രിയെയും നീക്കംചെയ്യാൻ വ്യവസ്ഥചെയ്യുന്ന 130-ാം ഭരണഘടന ഭേദഗതി ബില്ല് സംയുക്ത പാർലമെന്ററി സമിതി (ജെപിസി)ക്ക് വിട്ടു. പാർലമെന്റിന്റെ അടുത്തസമ്മേനളനത്തില്‍ ജെപിസി റിപ്പോർട്ട് സമർപ്പിക്കും.


