തിരുവനന്തപുരം: നിസാരമായി ലൈസൻസ് കൊടുക്കുന്നത് നിർത്തിയില്ലെങ്കില്‍ നാളെ അപകടമരണങ്ങള്‍ കൂടിക്കൊണ്ടിരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഡ്രൈവിങ് ടെസ്റ്റ് ഇപ്പോള്‍ വളരെ കർശനമാണെന്നും ഒരു ദിവസം നൂറ് പേര് ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുത്താല്‍ 48 ശതമാനത്തോളം പേർ മാത്രമേ വിജയിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. കെഎസ്‌ആർടിസിയുടെ ‘ഓർമ്മ എക്സ്പ്രസ്’ നിരത്തിലിറക്കിയതിന്റെ ഭാഗമായി നടത്തിയ ആദ്യ യാത്രയില്‍ സംവിധായകൻ പ്രിയദർശൻ, നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജു, നടൻ നന്ദു, ഹരി പത്തനാപുരം എന്നിവരുമായി സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തിരുവനന്തപുരത്ത് ഒരാള്‍ 2018 ല്‍ ലൈസൻസ് എടുത്തതാണ്. ഇപ്പോഴാണ് വാഹനമോടിക്കുന്നത്, അയാള്‍ അപകടമുണ്ടാക്കി ഒരാള്‍ മരിച്ചു. അത്തരം സാഹചര്യങ്ങളുണ്ടാവരുത്. അതുകൊണ്ടാണ് ലൈസൻസിന്റെ കാര്യം കർശനമാക്കിയതെന്നും ഡ്രൈവിങ് സ്കൂളുകാരുടെ ഭാഗത്ത് നിന്നുള്‍പ്പടെ പല സമ്മർദ്ദങ്ങളുണ്ടായിട്ടും സർക്കാർ അത് വിട്ടുകൊടുത്തില്ലെന്നും ഈ തീരുമാനത്തില്‍ മുഖ്യമന്ത്രിയുടെ പൂർണമായ പിന്തുണയുണ്ടെന്നും മന്ത്രി പറഞ്ഞു.
റോഡില്‍ ലെയ്ൻ ട്രാഫിക് കർശനമാക്കണമെന്ന് നടൻ നന്ദു മന്ത്രിയോട് ആവശ്യപ്പെട്ടു. അക്കാര്യം സർക്കാർ പരിശോധിച്ചിരുന്നുവെന്നും എന്നാല്‍ പലയിടങ്ങളിലും റോഡ് പണികള്‍ നടക്കുന്നതിനാല്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും മന്ത്രി പറഞ്ഞു. എങ്കിലും ഡ്രൈവിങ് സ്കൂളുകള്‍ വഴി ഇപ്പോള്‍ ലെയ്ൻ ട്രാഫിക് പഠിപ്പിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


