whatsapp chat
Call now
Latest

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഗവര്‍ണറുടെ ഇംഗിതത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കാനാകുമോ – സുപ്രീംകോടതി

സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്കുള്ള അനുമതി സ്ഥിരമായി തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരമുണ്ടെങ്കില്‍, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാർ തിരഞ്ഞെടുക്കപ്പെടാത്ത ഒരു ഗവർണറുടെ ഇംഗിതത്തിനനുസരിച്ച്‌ പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് സുപ്രീം കോടതി നിരീക്ഷണം.

ബുധനാഴ്ച രാഷ്ട്രപതിയുടെ റഫറൻസ് കേസിന്റെ രണ്ടാം ദിവസത്തെ വാദത്തിനിടെയായിരുന്നു ഇത്തരമൊരു നിരീക്ഷണം സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം ഗവർണർക്ക് ഒരു ബില്ലിനുള്ള അനുമതി തടയാനും നിയമസഭയിലേക്ക് തിരിച്ചയക്കാൻ അവസരം നല്‍കാതെ ബില്‍ ഒഴിവാക്കാനും കഴിയുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത വാദിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഈ പരാമർശം. ”ഇത് ഗവർണർക്ക് അപ്പീലുകള്‍ക്ക് മുകളില്‍ ഇരിക്കാനുള്ള പൂർണ അധികാരം നല്‍കുകയല്ലേ ചെയ്യുന്നത്. ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഗവർണറുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ പ്രവർത്തിക്കേണ്ടി വരും”,അഞ്ചംഗ ഭരണഘടനാബെഞ്ചിന് നേതൃത്വം നല്‍കുന്ന ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് നിരീക്ഷിച്ചു.

ഗവർണർക്ക് നല്‍കിയിട്ടുള്ള വിവേചനാധികാരത്തെ അനുകൂലിച്ച്‌ കേന്ദ്രസർക്കാർ വാദിച്ചു. ബില്ലുകള്‍ പരിഗണിക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് ആ പദവിയുടെ ഭരണഘടനാപരമായ അധികാരം കുറയ്ക്കാൻ ഇടയാക്കുമെന്നും സർക്കാർ പറഞ്ഞു. “ഗവർണർ ഒരു തപാല്‍ക്കാരനല്ല. അദ്ദേഹം യൂണിയൻ ഓഫ് ഇന്ത്യയെ (കേന്ദ്രം) പ്രതിനിധീകരിക്കുന്നു. പരോക്ഷ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രം തിരഞ്ഞെടുക്കുന്ന രാഷ്ട്രപതിയാണ് അദ്ദേഹത്തെ നിയമിക്കുന്നത്. ബില്ലുകള്‍ തടഞ്ഞുവെക്കാൻ വിവേചനാധികാരം ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കില്‍ ഗവർണറുടെ അധികാരം ഒരു തപാല്‍ക്കാരന്റേതിന് തുല്യമായി ചുരുങ്ങും”, സോളിസിറ്റർ ജനറല്‍ പറഞ്ഞു.

ഏപ്രില്‍ 8-ന് തമിഴ്നാട് സർക്കാരും ഗവർണർ ആർ.എൻ. രവിയും തമ്മിലുള്ള കേസ് പരിഗണിക്കവെ, ബില്ലിന് അനുമതി തടഞ്ഞുവെക്കുകയോ അല്ലെങ്കില്‍ മാറ്റിവെക്കുകയോ ചെയ്യുകയാണെങ്കില്‍ ഗവർണർ മൂന്ന് മാസത്തിനകവും ബില്‍ വീണ്ടും പാസാക്കിയാല്‍ ഒരു മാസത്തിനകവും നടപടിയെടുക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.