whatsapp chat
Call now
Health Latest

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 47കാരന് രോഗബാധ

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സിയിലുള്ള 47കാരനാണ് രോഗം സ്ഥിരീകരിച്ചത്.

മലപ്പുറം ചേലമ്ബ്ര സ്വദേശിയായ 47കാരൻ കഴിഞ്ഞ ഇരുപത് ദിവസമായി പനി ബാധിച്ചതിനെതുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ നടത്തിയ സ്രവ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഒരു മാസം മുമ്ബ് കണ്ണൂരില്‍ ജോലി ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ 80 വാര്‍ഡുകളില്‍ ക്ലോറിനേഷൻ നടത്തി.

കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച മരിച്ച ഒമ്ബതുവയസ്സുള്ള അനയയുടെ സഹോദരനായ ഏഴ് വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. സഹോദരനും അനയ കുളിച്ച അതേ കുളത്തില്‍ കുളിച്ചിരുന്നുവെന്നാണ് വിവരം.

നിലവില്‍ അഞ്ചുപേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ ചികിത്സയിലുള്ളത്. മലപ്പുറം സ്വദേശിയായ നാല്‍പ്പത്തിയൊമ്ബതുകാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിക്കും ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരനും ചികിത്സയിലാണ്.

വ്യാഴാഴ്ചയാണ് താമരശ്ശേരി ആനപ്പാറപ്പൊയില്‍ സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ മരിച്ചത്. മരിച്ച അനയയും സഹോദരങ്ങളും മൂന്നാഴ്ച മുൻപ് വീടിന് സമീപത്തെ കുളത്തില്‍ നീന്തല്‍ പരിശീലിച്ചിരുന്നു. ഈ കുളമാണ് രോഗകാരണമായ ജലസ്രോതസ്സെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.

എന്താണ് അമീബിക് മസ്തിഷ്കജ്വരം?

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്ബോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

രോഗം മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്ബോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒൻപത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

1.മലിനമായ കുളത്തില്‍ കുളിക്കരുത്

2.പായല്‍ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.

3.വർഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്ബോഴും ശ്രദ്ധിക്കണം.

4.മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, തലയില്‍ ക്ഷതമേറ്റവർ, തലയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

5.ചെവിയില്‍ പഴുപ്പുള്ളവർ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കരുത്.

6.കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.

7.വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.

8.മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാൻ നേസല്‍ ക്ലിപ്പ് ഉപയോഗിക്കാം.

ലക്ഷണങ്ങള്‍

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവയും കാണാറുണ്ട്.

രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ തേടണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവർ ആ വിവരം ഡോക്ടറെ അറിയിക്കണം. നട്ടെല്ലില്‍നിന്നു സ്രവം കുത്തിയെടുത്ത് പി.സി.ആർ. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്ക്കെതിരേ ഫലപ്രദമെന്ന് കരുതുന്ന അഞ്ചു മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ. വേഗത്തില്‍ മരുന്നുകള്‍ നല്‍കിത്തുടങ്ങിയാല്‍ രോഗം ഭേദമാകും.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.