ഇനി ഭക്ഷണം പാഴാകില്ല; കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഭക്ഷണവുമായി കോഴിക്കോട്ടുകാരുടെ ‘കയ്ക്ക’ ആപ്പ്
🔴കോഴിക്കോട്: ഒപ്പമുള്ളവർ എപ്പോഴും പറഞ്ഞുതരുന്ന ഒരു പാഠമുണ്ട്, “ഒരു വറ്റ് ചോറുപോലും പാഴാക്കരുത്” എന്ന്. എന്നാൽ ഈ ഉപദേശത്തെ ഒരു മികച്ച ബിസിനസ്സ് സംരംഭമാക്കി മാറ്റി മാതൃകയാവുകയാണ് കോഴിക്കോട് സ്വദേശികളായ യുവാക്കൾ.
ഹോട്ടലുകളിൽ അധികം വരുന്ന ഭക്ഷണം പാഴാക്കാതെ, വളരെ കുറഞ്ഞ വിലയിൽ ആളുകളിലേക്ക് എത്തിക്കുന്ന ‘കയ്ക്ക’ (KYKA) എന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഇവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് നിഹാലും, മടവൂർ ആരാമ്പ്രം സ്വദേശി ഹിബ നൗറിനും ചേർന്നാണ് ഈ വേറിട്ട ആശയത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.
പ്രതീക്ഷിച്ച അത്രയും വിൽപന നടക്കാത്ത ദിവസങ്ങളിൽ റെസ്റ്റോറന്റുകൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് ഭക്ഷണത്തിന്റെ പാഴാക്കൽ. സാധാരണയായി ജീവനക്കാർക്ക് നൽകുകയോ അല്ലെങ്കിൽ കളയുകയോ ചെയ്യുന്ന ഈ ഭക്ഷണം, കൃത്യമായ ഗുണനിലവാരത്തോടെ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് കയ്ക്ക ആപ്പ് ചെയ്യുന്നത്.
സാധാരണ വിലയേക്കാൾ 60 മുതൽ 80 ശതമാനം വരെ വിലക്കുറവിലാണ് ഈ ആപ്പിലൂടെ ഭക്ഷണം വിൽക്കുന്നത്.
‘മാജിക് ബോക്സ്’ അഥവാ ‘സർപ്രൈസ് ബാഗ്’ എന്ന രീതിയിലാണ് ഇതിലെ ഓർഡറുകൾ വരുന്നത്. അതുകൊണ്ട് തന്നെ വാങ്ങുന്ന ആളുകൾക്ക് ബോക്സിനുള്ളിൽ എന്താണെന്ന് മുൻകൂട്ടി അറിയാൻ കഴിയില്ല എന്നത് ഇതിനൊരു കൗതുകം നൽകുന്നു.
ഹോസ്റ്റലുകളിലും മറ്റും താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും കുറഞ്ഞ ചിലവിൽ നല്ല ഭക്ഷണം കണ്ടെത്താൻ ഇത് ഏറെ സഹായിക്കും.
ആശയം പുതിയതാണെങ്കിലും മികച്ച പിന്തുണയാണ് നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് ഇവർക്ക് ലഭിക്കുന്നത്. നിലവിൽ കോഴിക്കോട്ടെ അറുപതോളം റെസ്റ്റോറന്റുകൾ ഇതിനകം തന്നെ ‘കയ്ക്ക’ ആപ്പിൽ പങ്കാളികളായിക്കഴിഞ്ഞു. ഹോട്ടലുകൾക്ക് ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാനും ഉപഭോക്താക്കൾക്ക് ലാഭകരമായി ഭക്ഷണം വാങ്ങാനും സഹായിക്കുന്ന ഈ ആപ്പ് ഉടൻ തന്നെ പ്ലേസ്റ്റോറുകളിൽ ലഭ്യമാകും.
ഭക്ഷണത്തോടുള്ള സ്നേഹവും സാങ്കേതികവിദ്യയും ഒന്നിപ്പിച്ച് കോഴിക്കോടിന്റെ ഭക്ഷണസംസ്കാരത്തിന് പുതിയൊരു ദിശാബോധം നൽകുകയാണ് ഈ യുവസംരംഭകർ.
4


