ഹൂസ്റ്റണ്‍ ലോകകപ്പില്‍ ഗ്രൂപ്പ് എഫില്‍ സ്വീഡനെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് നെതര്‍ലാന്‍ഡ്സ് ഒന്നാമത്. ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ബ്രയാന്‍ ബ്രോബിയുടെയും കോഡി ഗാക്പോയുടെയും ഇരട്ടഗോള്‍ കരുത്തിലാണ് ഡച്ച് പട വിജയം സ്വന്തമാക്കിയത്.
കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ സമ്മര്‍വില്ലിയുടെ വകയായിരുന്നു നെതര്‍ലന്‍ഡ്സിന്റെ അഞ്ചാം ഗോള്‍. ആന്റണി എലങ്കയാണ് സ്വീഡന്റെ ആശ്വാസ ഗോള്‍ നേടിയത്.
മല്‍സരത്തിന്റെ തുടക്കം മുതല്‍ തന്നെ നെതര്‍ലന്‍ഡ്സ് സ്വീഡിഷ് ഗോള്‍മുഖത്തേക്ക് ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. അഞ്ചാം മിനിറ്റില്‍ തന്നെ നെതര്‍ലന്‍ഡ്സ് ആദ്യ ഗോളും സ്കോര്‍ ചെയ്തു. അഞ്ചാം മിനിറ്റില്‍ തന്നെ ബ്രയാന്‍ ബ്രോബിയിലൂടെ നെതര്‍ലാന്‍ഡ്സ് മുന്നിലെത്തി. കോഡി ഗാക്പോ നല്കിയ കൃത്യതയാര്‍ന്ന ക്രോസില്‍ കാല് വെച്ച് പന്ത് തട്ടി വലയിലിടുക എന്ന ജോലി മാത്രമാണ് ബ്രോബിക്കുണ്ടായിരുന്നത്. 17ാം മിനിറ്റില്‍ വീണ്ടും ദുംഫ്രീസിന്റെ ക്രോസിനെ വലയിലേക്ക് തട്ടിയിട്ട് ബ്രോബി നെതര്‍ലന്‍ഡ്സ് ലീഡുയര്‍ത്തി. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ സ്വീഡന്റെ ഭാഗത്തുനിന്നും നിരന്തരമായ ആക്രമണങ്ങള്‍ ഉണ്ടായിരുന്നിട്ടും ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു.
രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകള്‍ക്കകം ലിവര്‍പൂള്‍ താരം കോഡി ഗാക്പോ സ്വീഡന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ പൂര്‍ണ്ണമായും തകര്‍ത്തു. ഡംഫ്രീസിന്റെ പാസില്‍ ഗോള്‍ സ്കോര്‍ ചെയ്ത് ഗാക്പോ (47) നെതര്‍ലന്‍ഡ്സിന്റെ ലീഡുയര്‍ത്തി. ഏഴ് മിനിറ്റിനുള്ളില്‍ ഗാക്പോ (54) തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മല്‍സരത്തിലെ നാലാം ഗോളും നേടിയതോടെ നെതര്‍ലന്‍ഡ്സ് 4-0 ലീഡോടെ വിജയം ഉറപ്പിച്ചു. ഈ ഗോളോടെ നെതര്‍ലന്‍ഡ്സിനായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ യോഹാന്‍ ക്രൈഫിനെ മറികടക്കാനും ഗാക്പോയ്ക്കായി. വമ്പന്‍ തോല്‍വിയിലേക്ക് നീങ്ങിയ സ്വീഡന് വേണ്ടി 58ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ന്യൂകാസില്‍ യുനൈറ്റഡ് താരം ആന്റണി എലാംഗ ഒരു ഗോള്‍ മടക്കി. അലക്സാണ്ടര്‍ ഇസാക്കിന്റെ മികച്ച മുന്നേറ്റത്തില്‍ നിന്നും പന്ത് സ്വീകരിച്ച എലാംഗ ക്ലിനിക്കല്‍ ഫിനിഷിലൂടെയാണ് ഡച്ച് വല കുലുക്കിയത്. 89ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ സമര്‍വില്‍ തകര്‍പ്പന്‍ ഗോളിലൂടെ സ്വീഡന്റെ തകര്‍ച്ച പൂര്‍ത്തിയാക്കി.
ജയത്തോടെ ഗ്രൂപ്പ് എഫില്‍ നോക്കൗട്ട് സാധ്യതകള്‍ നെതര്‍ലന്‍ഡ്സ് കൂടുതല്‍ ശക്തമാക്കി. ആദ്യ കളിയില്‍ ജപ്പാനുമായി സമനിലയില്‍ പിരിഞ്ഞ നെതര്‍ലാന്‍ഡ് നാലുപോയന്റുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തി. അതേസമയം ടുണിഷ്യയെ ആദ്യ കളിയില്‍ 5-1ന് തോല്പിച്ച സ്വീഡന് രണ്ടാം മല്‍സരത്തില്‍ അതേ ഗോള്‍ നിലയില്‍ തോറ്റതും യാദൃശ്ചികമായി. ടൂണിഷ്യക്കെതിരേയാണ് നെതര്‍ലന്‍ഡ്സിന്റെ അടുത്ത മല്‍സരം. സ്വീഡന് അടുത്ത മല്‍സരത്തില്‍ ജപ്പാനെ നേരിടും. ജൂണ്‍ 26ന് ഇന്ത്യന്‍ സമയം രാവിലെ 4:30നാണ് രണ്ട് മല്‍സരങ്ങളും നടക്കുക.


