whatsapp chat
Call now
Business Latest

അവശ്യസാധനങ്ങള്‍ക്കും ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയും, ആഡംബര വസ്തുക്കള്‍ക്ക് കൂടും

ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ യോഗത്തില്‍ പുതിയ നികുതി പരിഷ്കരണം ചർച്ചയാകും. ദൈനംദിന അവശ്യസാധനങ്ങളുടെയും ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങളുടെയും വില കുറയ്ക്കുകയും ആഡംബര വസ്തുക്കള്‍ക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ പരിഷ്കരണം.

ബുധൻ, വ്യാഴം ദിവസങ്ങളിലാണ് കൗണ്‍സില്‍ യോഗം.നിലവിലുള്ള നാല് നികുതി ഘടനയെ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി ചുരുക്കാൻ ലക്ഷ്യമിടുന്നതാണ് ‘പുതുതലമുറ’ ജിഎസ്ടി പരിഷ്കരണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശം. 2017 ജൂലൈയില്‍ ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ അവതരിപ്പിച്ച 12%, 28% സ്ലാബുകള്‍ ഇതോടെ ഇല്ലാതാകും. പുതിയ പരിഷ്കരണത്തിലൂടെ 12% സ്ലാബിലുള്ള മിക്കവാറും എല്ലാ സാധനങ്ങളും 28% നികുതിയുള്ള ഭൂരിഭാഗം ഉല്‍പ്പന്നങ്ങളും താഴ്ന്ന നിരക്കുകളിലേക്ക് മാറും. ഇതോടെ നിരവധി ഉല്‍പ്പന്നങ്ങളുടെ വില കുറയുമെന്നാണ് വിലയിരുത്തല്‍.

പരിഷ്കരണം നടപ്പിലായാല്‍ നെയ്യ്, നട്സ്, കുടിവെള്ളം (20 ലിറ്റർ ക്യാനുകള്‍), ഗ്യാസ് ഇല്ലാത്ത പാനീയങ്ങള്‍, പലഹാരങ്ങള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ നിലവില്‍ 12% നികുതിയുള്ള 99 ശതമാനത്തിലധികം സാധനങ്ങളും 5% വിഭാഗത്തിലേക്ക് മാറും. പെൻസിലുകള്‍, സൈക്കിളുകള്‍, കുടകള്‍, ഹെയർപിന്നുകള്‍ തുടങ്ങിയ സാധാരണ ഗാർഹിക ഉല്‍പ്പന്നങ്ങളുടെ നികുതിയും 5% ആയി കുറഞ്ഞേക്കാം. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും വില കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകള്‍. നിലവില്‍ 28% നികുതിയുള്ള ടെലിവിഷനുകള്‍, വാഷിങ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ 18% സ്ലാബിന് കീഴില്‍ വരും.

അതേസമയം. ഒട്ടുമിക്ക സാധനങ്ങള്‍ക്കും നികുതി കുറയ്ക്കാൻ ഒരുങ്ങുമ്ബോള്‍, ആഡംബര വസ്തുക്കള്‍ക്ക് 40% എന്ന പ്രത്യേക സ്ലാബ് ഏർപ്പെടുത്താനാണ് ഉദ്ദേശ്യം. നിലവില്‍ 28% ജിഎസ്ടിയും കോമ്ബൻസേഷൻ സെസ്സും ഈടാക്കുന്ന ഉയർന്ന വിലയുള്ള കാറുകള്‍, എസ്യുവികള്‍, മറ്റ് പ്രീമിയം വാഹനങ്ങള്‍ എന്നിവ ഈ പുതിയ വിഭാഗത്തിലേക്ക് മാറാൻ സാധ്യതയുണ്ട്. പുകയില ഉല്‍പ്പന്നങ്ങള്‍, പാൻ മസാല, സിഗരറ്റ് എന്നിവയും ഈ സ്ലാബിന് കീഴില്‍ വന്നേക്കും. ഈ വിഭാഗത്തിനായി ഒരു അധിക ലെവി കൂടി പരിഗണനയിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 5% ജിഎസ്ടി വേണമെന്നാണ് മറ്റൊരു നിർദേശം. അതേസമയം, പ്രീമിയം ഇവികള്‍ക്ക് ഉയർന്ന നികുതി ചുമത്തണമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകളും തുടരുന്നുണ്ട്.

പശ്ചിമ ബംഗാള്‍, കേരളം, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന, കർണാടക, ഹിമാചല്‍ പ്രദേശ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍, ഈ വലിയ നികുതിയിളവുകള്‍ വരുമാനത്തിലുണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ നീക്കം സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടാക്കുമെന്നും വ്യക്തമായ നഷ്ടപരിഹാര സംവിധാനം വേണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.