കൊണ്ടോട്ടി:* ഭിന്നശേഷിക്കാരുടെയും കിടപ്പുരോഗികളുടെയും ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന എ.സി (എയർ കണ്ടീഷണർ) ആഡംബര ഉപകരണങ്ങളുടെ പരിധിയിൽ നിന്ന് ഒഴിവാക്കി അവർക്ക് അർഹമായ സർക്കാർ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന് റിവാഡ് ഫൗണ്ടേഷൻ അഞ്ചാം ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ശാരീരിക അസ്വസ്ഥതകൾ മൂലം അതീവ ഗുരുതര സാഹചര്യങ്ങളിൽ എ.സി ഉപയോഗിക്കേണ്ടി വരുന്ന കുടുംബങ്ങളെ നിലവിൽ ആഡംബര കണക്കിൽപ്പെടുത്തി വിവിധ ക്ഷേമപദ്ധതികളിൽ നിന്നും ആനുകൂല്യങ്ങളിൽ നിന്നും ഒഴിവാക്കുന്നത് അടിയന്തരമായി തിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗം ടി.പി അഷ്റഫലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.എം മുഹമ്മദ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ജബ്ബാർ ഹാജി മുഖ്യാതിഥിയായി, കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് പി. പി മുഹമ്മദ് മദനി ഉപഹാര സമർപ്പണം നടത്തി. അബ്ദു റസാഖ് ബാഖവി, ഇസ്മായിൽ എഞ്ചിനീയർ ,യൂസുഫലി സ്വലാഹി, റിവാഡ് ഫൗണ്ടേഷൻ പ്രസിഡന്റ് ശബീർ കൊടിയത്തൂർ, ജനറൽ സെക്രട്ടറി ജലീൽ പരപ്പനങ്ങാടി, ട്രഷറർ നജീബ് കെ, ഭാരവാഹികളായ ശുഅയ്ബ് പിടി, ശിഹാബ് കെ.എ ഹംസ ജൈസൽ, നസീമ പി , ഹാരിസ് കരുവാരക്കുണ്ട്, അബ്ദുൽ അസീസ് ചേളാരി , കെ എൻ എം മണ്ഡലം സെക്രട്ടറി ഷബീറലി മാസ്റ്റർ, ഇ.എം ഉമ്മർ, അഹമ്മദ് കുട്ടി കെ.കെ, ഷാമിൽ, നൗജിഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ ഭിന്നശേഷിക്കാർക്കായുള്ള അഖില കേരള ഖുർആൻ വിജ്ഞാന പരീക്ഷയിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും, കാഴ്ച പരിമിതർക്കായുള്ള ‘ഖിബ്ല ഫൈൻഡർ’ (Qibla Finder) ആപ്ലിക്കേഷൻ ലോഞ്ചിങ്ങും നടന്നു. ആശുപത്രികളിൽ ഭിന്നശേഷിക്കാർക്കും വയോധികർക്കും മുൻഗണന നൽകുക, പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക തുടങ്ങിയ പ്രമേയങ്ങളും യോഗത്തിൽ അവതരിപ്പിച്ചു.
ഫോട്ടോ :-
റിവാഡ് സമ്പൂർണ്ണ സമ്മേളം ടി . പി അഷ്റഫലി എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി ജബ്ബാർ ഹാജി , ശബീർ കൊടിയത്തൂർ, ജലീൽ പരപ്പനങ്ങാടി ഷബീർ അലി മാസ്റ്റർ കുണ്ടോട്ടി ,ഹംസ ജൈസൽ വേദിയിൽ.


