തിരുവനന്തപുരം: ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി നടന്ന പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരെ ഫേസ്ബുക്കിലൂടെ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പരിപാടിയിൽ വി.സിമാർ പങ്കെടുത്തത് അതീവ ഗൗരവമുള്ള കാര്യമാണെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്ത പ്രവൃത്തിയാണ് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ നിന്നും ഉണ്ടായതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
“കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് വലിയ ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം.”
— മുഖ്യമന്ത്രി വി.ഡി സതീശൻ (ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്)ഉന്നത വിദ്യാഭ്യാസ രംഗത്തെ തലപ്പത്തിരിക്കുന്നവർ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും, ഉന്നത പദവികളുടെ അന്തസ്സും മതേതര മൂല്യങ്ങളും കാത്തുസൂക്ഷിക്കാൻ ഇവർ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.


