whatsapp chat
Call now
Crime Latest

നവകേരള സദസിനിടെ ഉണ്ടായ ‘രക്ഷാപ്രവര്‍ത്തനം’; ഗണ്‍മാന്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

തിരുവനന്തപുരം: നവകേരള സദസിനിടെ ഉണ്ടായ ‘രക്ഷാപ്രവര്‍ത്തന’ത്തില്‍ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും. ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവര്‍ക്കാണ് കുരുക്ക്. നവകേരള സദസിനിടെ ഉണ്ടായ മര്‍ദനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴയിലെ നിയുക്ത എംഎൽഎ എ ഡി തോമസ് പരാതി നല്‍കും. പരാതി ലഭിച്ചാലുടന്‍ സസ്‌പെന്‍ഷന്‍ ഉണ്ടായേക്കുമെന്നാണ് വിവരം. ഇരുവരെയും മാറ്റിനിര്‍ത്തി അന്വേഷണം നടത്താനുളള തീരുമാനത്തിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.

നിലവിലെ ‘ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട്’ അംഗീകരിക്കേണ്ട എന്ന തീരുമാനത്തിലേക്കും കടക്കും. പുതിയ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനാണ് എ ഡി തോമസിന്റെ നീക്കം. മര്‍ദ്ദന ദൃശ്യങ്ങള്‍ കിട്ടിയില്ല എന്നായിരുന്നു ആദ്യ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. അതിനിടെ അനില്‍കുമാറിന് സി ഐ തസ്തികയിലേക്ക് സ്ഥാനക്കയറ്റവും നല്‍കിയിരുന്നു.

രക്ഷാപ്രവര്‍ത്തനം നടത്തിയ കേസില്‍ അനില്‍ കുമാറിനും സന്ദീപിനും ജില്ലാ ക്രൈംബ്രാഞ്ച് നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. അതിനെതിരെ യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും നല്‍കിയ തടസഹര്‍ജി പരിഗണിച്ച് കോടതി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തളളുകയും തുടരന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 2023 ഡിസംബര്‍ പതിനഞ്ചിനാണ് ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപത്തുവെച്ച് കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്രൂര മര്‍ദനമേറ്റത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ പ്രതിഷേധിച്ചതിനായിരുന്നു മര്‍ദ്ദനം

പൊലീസ് ലാത്തിയേക്കാള്‍ നീളമുളള വടി കൊണ്ടുളള അടിയേറ്റ് കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. കെ എസ് യു ആലപ്പുഴ ജില്ലാ പ്രസിഡന്റായിരുന്ന എ ഡി തോമസിന്റെ തല പൊട്ടി, കഴുത്തില്‍ നീരും കഠിനമായ തലവേദനയുമായി മാസങ്ങളോളം ചികിത്സയിലായിരുന്നു. ശേഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളം ഡിവിഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സീറ്റില്ലെന്ന് നേതൃത്വം അറിയിച്ചു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് കോട്ടയായ ആലപ്പുഴ മണ്ഡലമാണ് എ ഡി തോമസിന് മത്സരിക്കാന്‍ പാര്‍ട്ടി കൊടുത്തത്. എ ഡി തോമസ് വിജയിക്കുകയും ചെയ്തു. സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവും സിറ്റിംഗ് എംഎല്‍എയുമായ പിപി ചിത്തരഞ്ജനെയാണ് എ ഡി തോമസ് പരാജയപ്പെടുത്തിയത്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.