ഇടവ റെയില്‍വേ മേല്‍പ്പാലനിർമ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി.

ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഇതോടെ സ്ഥലമേറ്റെടുപ്പ് നടപടികളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാനാകും.
ഇടവ നിവാസികളായ ആറ് പേരാണ് സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. മേല്‍പാലത്തിന്റെ സ്ഥാന നിർണയത്തില്‍ അപാകതയുണ്ടെന്നും സ്ഥലമേറ്റെടുപ്പില്‍ പുനഃപരിശോധന വേണെന്നാവശ്യപ്പെട്ടുമാണ് സ്ഥലഉടമകള്‍ സുപ്രീം കോടതിയില്‍ ഹർജി ഫയല്‍ചെയ്തിരുന്നത്. ഇപ്പോഴത്തെ അലൈൻമെന്റ് അശാസ്ത്രീയമാണെന്നും വളഞ്ഞാണ് പോകുന്നതെന്നും ഹർജിക്കാർ വാദിച്ചു.
എന്നാല്‍, സ്ഥലമേറ്റെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മൂന്ന് തവണ ഹൈക്കോടതി പരിഗണിച്ച വിഷയമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ഥല ഉടമസ്ഥരില്‍ ഭൂരിഭാഗവും സ്ഥലം വിട്ടുനല്‍കിയതായും കുറച്ചുപേർക്ക് മാത്രമാണ് എതിർപ്പെന്നുമാണ് സർക്കാർ നിലപാട്.
സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ വി. ഗിരി, സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജൻ ഷൊങ്കർ, അഭിഭാഷകൻ രശ്മിത രാമചന്ദ്രൻ എന്നിവർ ഹാജരായി. സ്ഥലമുടമകള്‍ക്കുവേണ്ടി അഭിഭാഷകരായ ലിജു സ്റ്റീഫൻ, മനു കൃഷ്ണൻ എന്നിവരാണ് ഹാജരായത്.


