മുക്കം: മുക്കം എസ്.ഐയുടെ വാടക വീട്ടിൽ മോഷണം നടത്തിയ കേസിലെ രണ്ടാം പ്രതിയെ കൂടി പൊലീസ് പിടികൂടി. അരീക്കോട് പുത്തലം സ്വദേശി തുമ്പേൽ വീട്ടിൽ ഷാമിലിനെയാണ് (21) മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ നാലിന് പെരുമ്പറപ്പിലെ വാടക വീട്ടിലായിരുന്നു മോഷണം നടന്നത്.
മുക്കം എസ്.ഐ താമസിക്കുന്ന വീടിന്റെ പിൻവാതിലും മുറികളും തകർത്ത് അകത്തുകടന്ന പ്രതികൾ 8,500 രൂപയും, വിലകൂടിയ ട്രിമ്മർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങളുമാണ് കവർന്നത്. വീട്ടിലുണ്ടായിരുന്ന ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ കൊണ്ടുപോകാനായി വരാന്തയിൽ എടുത്തു വെച്ചിരുന്നെങ്കിലും മോഷണം പൂർത്തിയാക്കാൻ പ്രതികൾക്ക് കഴിഞ്ഞില്ല.
ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയ എസ്.ഐയുടെ സുഹൃത്ത് സനീഷ്, ഒരാൾ വീടിന്റെ ഒന്നാം നിലയിൽ നിന്നും താഴേക്ക് ഇറങ്ങിവരുന്നത് കണ്ടു. ഉടൻ തന്നെ ഇയാളെ പിടികൂടിയെങ്കിലും ഷാമിൽ ഉൾപ്പെടെയുള്ള മറ്റ് പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. അന്ന് പിടിയിലായ പ്രതി കൊടിയത്തൂർ ചെറുവാടി സ്വദേശി മിഹാസ് ബാബുവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഷാമിലിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
അരീക്കോട് പുത്തലത്ത് വെച്ച് തിങ്കളാഴ്ച രാവിലെയാണ് ഷാമിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ മോഷ്ടിച്ച വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മുക്കം എസ്.ഐ ശ്രീരാജ് കെ., എസ്.സി.പി.ഒ അനീഷ് കെ.എം, സി.പി.ഒ അഭിനവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

