whatsapp chat
Call now
Latest

ഒരു പവന്‍ സ്വർണം, പട്ടുസാരി, സൗജന്യ വൈദ്യുതി; വിജയ്‌യുടെ ഫ്രീബി രാഷ്ട്രീയം തമിഴ്നാട് ഖജനാവ് കാലിയാക്കുമോ?

തമിഴ് സിനിമാ താരം കൂടിയായ ടിവികെ മുഖ്യമന്ത്രി വിജയ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ ഇപ്പോൾ തമിഴ്നാട്ടിന്റെ സാമ്പത്തിക ഭാവിയെ കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. സ്ത്രീകൾക്ക് പ്രതിമാസ ധനസഹായം മുതൽ സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, തൊഴിലില്ലാ ബിരുദധാരികൾക്ക് മാസവേതനം, വിവാഹസഹായമായി സ്വർണം എന്നിവ വരെ ഉൾപ്പെട്ട പദ്ധതികൾ സംസ്ഥാന ഖജനാവിന് വൻ ബാധ്യത സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

പ്രഖ്യപനങ്ങൾ ഇങ്ങനെ

ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സ്ത്രീകൾക്ക് പ്രതിമാസം 2500 ധനസഹായം, കുടുംബങ്ങൾക്ക് വർഷത്തിൽ ആറ് സൗജന്യ എൽപിജി സിലിണ്ടറുകൾ, ദരിദ്ര യുവതികളുടെ വിവാഹത്തിന് 8 ഗ്രാം സ്വർണവും പട്ടുസാരിയും, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് മാസം 4000 രൂപ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. ഇതിനു പുറമെ 5 ലക്ഷം സർക്കാർ ജോലികൾ, വിദ്യാർത്ഥികൾക്ക് ധനസഹായം, സൗജന്യ വിദ്യാഭ്യാസ വായ്പ തുടങ്ങിയ വാഗ്ദാനങ്ങളും ഉൾപ്പെട്ടിരുന്നു.

കർഷകരെ സബന്ധിച്ചിടത്തോളം അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ളവർക്ക് വിള വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളുമെന്ന് ടിവികെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അഞ്ച് ഏക്കറിൽ കൂടുതൽ ഭൂമിയുള്ള കർഷകർക്ക് 50 ശതമാനം ഇളവ് ലഭിക്കും. നെല്ലിന് ക്വിന്റലിന് 3,500 രൂപയും കരിമ്പിന് ടണ്ണിന് 4,500 രൂപയും കുറഞ്ഞ താങ്ങുവിലയും, ഭൂമി കൈവശം വച്ചിരിക്കുന്ന കർഷകർക്ക് വാർഷിക നിക്ഷേപ സഹായമായി 15,000 രൂപയും അഞ്ച് ലക്ഷം സോളാർ പമ്പുകൾ സ്ഥാപിക്കലും പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്.

പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കാൻ വർഷംതോറും 1 ലക്ഷം കോടിയിലധികം ചെലവ് വരാമെന്നാണ് വിവിധ സാമ്പത്തിക റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ മുൻ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാർ ക്ഷേമ പദ്ധതികൾക്കും സബ്‌സിഡികൾക്കുമായി ചെലവഴിച്ച 65,000 കോടിയേക്കാൾ 52 ശതമാനത്തിലധികം വർധനവാണ് ഇത്.

തമിഴ്നാട് ഇതിനകം വലിയ കടബാധ്യത നേരിടുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ജനക്ഷേമപദ്ധതികൾ സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിരതയെ ബാധിക്കുമോയെന്ന ആശങ്കയും വലിയ രീതിയിൽ ഉയരുന്നുണ്ട്. അതേസമയം, ടിവികെ അനുകൂലികൾ പറയുന്നത് ഇത് സാധാരണ “ഫ്രീബി” രാഷ്ട്രീയം അല്ലെന്നും സാമൂഹിക സുരക്ഷ ഉറപ്പാക്കാനുള്ള ക്ഷേമപദ്ധതികളാണെന്നുമാണ്.

ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറയ്ക്കാൻ ഇത്തരം പദ്ധതികൾ സഹായിക്കുമെന്ന് അവർ അവകാശപ്പെടുന്നു. എന്നാൽ വിമർശകർ ചൂണ്ടിക്കാണിക്കുന്നത് ദീർഘകാല സാമ്പത്തിക വളർച്ചയെ ബാധിക്കുന്ന തരത്തിൽ സംസ്ഥാന ധനശേഷി ക്ഷയിക്കാനുള്ള സാധ്യതയാണെന്നാണ്.

തമിഴ്നാട്ടിൽ ഡിഎംകെയും എഐഎഡിഎംകെയും വർഷങ്ങളായി പിന്തുടരുന്ന ജനക്ഷേമ രാഷ്ട്രീയത്തിന് പുതിയ രൂപം നൽകിയിരിക്കുകയാണ് വിജയ് എന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകർ മുന്നോട്ടുവയ്ക്കുന്നുണ്ട്. ടിവികെ സർക്കാർ പുതിയ വരുമാന മാർഗങ്ങൾ എങ്ങനെ കണ്ടെത്തുമെന്നത് പ്രഖ്യാപനപത്രത്തിൽ വ്യക്തമായി പറയുന്നില്ല. കടബാധ്യത കുറച്ച്, ജനങ്ങൾക്ക് അധിക നികുതി ചുമത്താതെ വരുമാനം വർധിപ്പിച്ച്, തമിഴ്നാടിനെ സാമ്പത്തികമായി സ്വയംപര്യാപ്ത സംസ്ഥാനമാക്കുമെന്നാണ് വാഗ്ദാനം.

2025-26 ലെ സംസ്ഥാന ബജറ്റ് പ്രകാരം, തമിഴ്‌നാടിന്റെ മൊത്തം വരുമാനമായ 3.31 ലക്ഷം കോടിയുടെ ഏകദേശം മൂന്നിലൊന്ന് വരും ടിവികെയുടെ ക്ഷേമ പദ്ധതികൾക്കായുള്ള ചെലവ് . സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ 26% കടം വഹിക്കുന്ന സംസ്ഥാന ബജറ്റിനിത് വലിയ ബാധ്യത വരുത്തിവയ്ക്കും എന്നുള്ള ആശങ്കകളും ശക്തമാണ്

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.