ചെന്നൈ: തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന് മത്സരിച്ച് വിജയിച്ച ശേഷം കോണ്‍ഗ്രസ് എംഎല്‍എമാര്‍ നന്ദി പറയാന്‍ പോലും വന്നില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ഒറ്റ ദിവസംകൊണ്ട് കോണ്‍ഗ്രസ് ഡിഎംകെയുമായുളള ബന്ധം ഉപേക്ഷിച്ച് പോയെന്നും കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ വിശ്വാസവും സൗഹൃദബോധവും പ്രകടിപ്പിച്ചുവെന്നും എം കെ സ്റ്റാലിന് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തമിഴ്നാടിനെ എല്ലാ മേഖലയിലും ഡിഎംകെ സര്‍ക്കാര്‍ വികസിപ്പിക്കുകയും സമ്പന്നമാക്കുകയും ചെയ്തു. പുതിയ സര്‍ക്കാര്‍ ഈ പദ്ധതികള്‍ തുടര്‍ന്നുകൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും സ്റ്റാലിന് പറഞ്ഞു.
‘എന്തിന്റെ പേരിലാണെങ്കിലും ശരി തമിഴ്നാട് വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് പോകാതിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പരസ്പര ബഹുമാനത്തോടെ സത്യനിഷ്ഠയോടെ പ്രവര്‍ത്തിച്ച് സ്ഥിരതയുളള ഭരണകൂടത്തിന് സ്വയം വഴിയൊരുക്കാന്‍ സഖ്യകക്ഷികള്‍ മുഖേന ആഗ്രഹിച്ചു. തമിഴ്നാട്ടിലെ നിലവിലുളള പ്രതിസന്ധി ഒഴിവാക്കാനായി വിജയ് നയിക്കുന്ന ഭരണകൂടത്തെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതമാവുകയും ഡിഎംകെ നയിക്കുന്ന പുരോഗമന സഖ്യത്തോടൊപ്പം ഈ നിമിഷം വരെ തുടരുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും അവരുടെ നേതാക്കളായ കൊമ്രേഡ് ഷണ്മുഖത്തിനും കൊമ്രേഡ് വീരപാണ്ഡ്യനും ആദരവുകള്‍ അര്‍പ്പിക്കുന്നു. ഡിഎംകെയുടെ നയശക്തിയില് അവര്‍ ഇപ്പോഴും വിശ്വസിക്കുന്നു. തമിഴ്നാടിന് വേണ്ടിയും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടും ഒന്നിച്ച് പോരാടാമെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. എന്നാല്‍ ഞങ്ങളുടെ സഖ്യത്തില്‍, ഞങ്ങളുടെ കൂടി വോട്ട് കൊണ്ട് ജയിച്ച കോണ്‍ഗ്രസ് ഒരു വാക്കുപോലും പറയാതെ, ഒരു നന്ദിവാക്കുപോലും പറയാതെ ഒറ്റ ദിവസം കൊണ്ട് പോയ്ക്കളഞ്ഞു. അത് ഒരിക്കലും മറക്കില്ല. പുതിയ സര്‍ക്കാരിന് ഹൃദയം നിറഞ്ഞ ആശംസകള്‍’ എന്നാണ് എം കെ സ്റ്റാലിന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

അതേസമയം, ടിവികെ അധ്യക്ഷന്‍ വിജയ് നാളെ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തുമണിയോടെ ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. മുഖ്യമന്ത്രിക്കൊപ്പം ഒന്‍പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നിയമന ഉത്തരവ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജയ്ക്ക് കൈമാറി. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് വിജയ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. 120 എംഎല്‍എമാരുടെ പിന്തുണ ഉറപ്പായതിന് പിന്നാലെ ഗവര്‍ണര്‍ കൂടിക്കാഴ്ച്ചയ്ക്കായി വിജയ്ക്ക് സമയം അനുവദിക്കുകയായിരുന്നു.
234 അംഗ തമിഴ്നാട് നിയമസഭയിൽ 118 എംഎൽഎമാരുടെ ഭൂരിപക്ഷമാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. ഇതിൽ 107 എംഎൽഎമാരാണ് ടിവികെയ്ക്ക് ഉളളത്. 118 എന്ന മാജിക് നമ്പറിലേക്ക് എത്തണമെങ്കിൽ 11 എംഎൽഎമാരുടെ കുറവുണ്ടായിരുന്നു. ഫലം വന്നതിന് പിന്നാലെ 5 എംഎൽഎമാരുളള കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ 112 എംഎൽഎമാരായിരുന്നു. ഇപ്പോൾ 2 എംഎൽഎമാർ വീതമുളള സിപിഐഎമ്മും സിപിഐയും വിസികെയും പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാർ രൂപീകരിക്കാനുളള 118 എന്ന അംഗസംഖ്യയായി.


