പുലർച്ചെ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വീടിന് പുറത്തിറങ്ങിയതെന്ന് കണ്ണൂർ കീഴറയിലെ നാട്ടുകാരൻ.ശബ്ദം കേട്ടപ്പോള്‍ തൻ്റെ വീടിൻ്റെ ജനല്‍ പൊട്ടിയിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോള്‍ അടുത്തുള്ള വീട് കാണാനില്ലായിരുന്നുവെന്നും താമസക്കാരെ കുറിച്ച് വ്യക്തമായി അറിയില്ലെന്നും പ്രദേശവാസി പറഞ്ഞു. കണ്ണൂർ കണ്ണപുരം കീഴറയിലെ വീട്ടില്‍ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചതായാണ് സൂചന. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

വീടിനുള്ളില്‍ കയറി നോക്കിയപ്പോള്‍ ഒരാള്‍ കിടക്കുന്നതായി കണ്ടു. മണ്ണെല്ലാം ശരീരത്തില്‍ വീണ് കിടക്കുന്നുണ്ട്. ബോംബിൻ്റെ അവശിഷ്ടങ്ങളാണ് ചുറ്റിലും കണ്ടത്. രാത്രി മാത്രമാണ് ഈ വീട്ടിലെ താമസക്കാർ എത്തിയിരുന്നത്. രാത്രി ലൈറ്റ് ഓഫാക്കിയാണ് അവർ എത്തിയിരുന്നത്. എപ്പോഴാണ് വരുന്നതെന്നോ പോകുന്നതോന്നോ എന്നതിനെ കുറിച്ച് വ്യക്തമല്ലെന്നും താമസക്കാരെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും പ്രദേശവാസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുലർച്ചെ ശബ്ദം കേട്ടാണ് സ്ഥലത്തേക്ക് എത്തിയതെന്ന് മറ്റൊരു നാട്ടുകാരനും പറഞ്ഞു. പുലർച്ചെ 1.50നാണ് ശബ്ദം കേട്ടത്. ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടിലെത്തിയപ്പോള്‍ ഒരാള്‍ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. അയാളുടെ കാല്‍ മാത്രമാണ് കാണാൻ കഴിഞ്ഞത്. മറ്റു ശരീര ഭാഗങ്ങളില്‍ വീടിൻ്റെ അവശിഷ്ടങ്ങള്‍ വീണ് കിടക്കുകയായിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു.
സ്ഫോടനത്തില്‍ വീട് പൂർണ്ണമായി തകർന്നു. അപകടത്തില്‍ വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായും ഒരാള്‍ മരിച്ചതായും സൂചനയുണ്ട്. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറി കിടക്കുകയാണെന്നാണ് വിവരം. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരില്‍ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അപകടവിവരമറിഞ്ഞ് കണ്ണപുരം പൊലീസും തളിപ്പറമ്ബില്‍ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. സ്ഫോടനം നടന്ന വാടക വീട്ടില്‍ നിന്നും പൊട്ടാത്ത നാടൻ ബോംബുകള്‍ കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന പ്രാഥമിക നിഗമനം ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തല്‍. സ്ഫോടനത്തിൻ്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകള്‍ തകരുകയും ചുമരുകളില്‍ വിള്ളലുകള്‍ വീഴുകയും ചെയ്തിട്ടുണ്ട്.
വീട് പൊട്ടിക്കിടക്കുന്നുണ്ട്. താമസിക്കുന്നവരെ കുറിച്ച് പ്രദേശവാസികള്‍ക്ക് അറിയില്ല. സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഥലത്ത് പരിശോധന തുടരുകയാണ്. ആരുടേതാണ് വീട് എന്നതുള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്. പൊട്ടാത്ത സ്ഫോടക വസ്തുക്കളും ചിന്നിച്ചിതറി കിടക്കുന്നുണ്ട്. വീടിനുള്ളില്‍ എത്ര പേരുണ്ട് എന്നതിനെ കുറിച്ച് വ്യക്തമല്ല.


