ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കനത്ത ഇറക്കുമതിത്തീരുവയേർപ്പെടുത്തിയ സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്.കയറ്റുമതിക്കാർക്ക് ആശ്വാസം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളേപ്പറ്റി ചർച്ച ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഉന്നതതല യോഗം വിളിച്ചത്. ചൊവ്വാഴ്ച ചേരുന്ന ഉന്നതതല യോഗത്തിന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറി അധ്യക്ഷത വഹിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ട്രംപ് പ്രഖ്യാപിച്ച ഇന്ത്യൻ ഉത്പന്നങ്ങള്‍ക്കുള്ള 50 ശതമാനം തീരുവ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തിലാണ് യോഗം.

നിലവിലുള്ള 25% നികുതിയുടെ ആഘാതം തിരിച്ചറിയാൻ വാണിജ്യ വ്യവസായ മന്ത്രാലയം കയറ്റുമതിക്കാരുമായും കയറ്റുമതി പ്രമോഷൻ കൗണ്‍സിലുകളുമായും കൂടിയാലോചന നടത്തിവരുന്നുണ്ട്. നിലവില്‍ പ്രാബല്യത്തിലുള്ള 25 ശതമാനം നികുതി തന്നെ ലാഭത്തില്‍ ഗണ്യമായ ഇടിവും മത്സരശേഷി കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് കയറ്റുമതി കമ്ബനികള്‍ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
ആഘാതം കുറക്കുന്നതിനായി പ്രത്യേക വ്യവസായങ്ങളെ ലക്ഷ്യമിട്ട് പിന്തുണ നല്‍കുന്ന പദ്ധതികളാണ് സർക്കാരിന് മുന്നിലുള്ളതെന്നാണ് വിവരം. റിസ്ക് പരിരക്ഷയോടുകൂടി ഈടില്ലാതെ പ്രവർത്തന മൂലധനം നല്‍കുന്ന എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം വേണമെന്ന കയറ്റുമതി കമ്ബനികളുടെ ആവശ്യം സർക്കാരിന്റെ പരിഗണനയിലുണ്ട്.
കയറ്റുമതിക്കാർക്കുണ്ടാകുന്ന ആഘാതം ചർച്ച ചെയ്യുന്നതിനൊപ്പം ഇന്ത്യയുടെ പ്രതികരണത്തിന്റെ രൂപരേഖയ്ക്കും ചൊവ്വാഴ്ചത്തെ യോഗം അന്തിമരൂപം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


