whatsapp chat
Call now
Education Latest

മോദിയുടെ ബിരുദം വെളിപ്പെടുത്തേണ്ട; വിവരവകാശ കമ്മീഷൻ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താൻ ഡല്‍ഹി സർവകലാശാലയോട് നിർദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ (ആർടിഐ) അപേക്ഷകന് നല്‍കണമെന്ന് കമ്മിഷൻ 2017-ലാണ് സർവകലാശാലയോട് നിർദ്ദേശിച്ചത്. ഇത് ചോദ്യം ചെയ്ത് ഡല്‍ഹി സർവകലാശാല സമർപ്പിച്ച അപ്പീലിലാണ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് സച്ചിൻ ദത്തയാണ് കമ്മിഷൻ ഉത്തരവ് റദ്ദാക്കിയത്.

‘കേന്ദ്ര വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കുന്നു’ എന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയില്‍ പറയുന്നത്. പ്രധാനമന്ത്രി മോദി ഡല്‍ഹി സർവകലാശാലയില്‍ നിന്ന് 1978-ല്‍ ബിഎ പൊളിറ്റിക്കല്‍ സയൻസില്‍ ബിരുദം നേടിയെന്നാണ് പറയപ്പെടുന്നത്. 1978-ല്‍ ഡല്‍ഹി സർവകലാശാലയില്‍ നിന്ന് ബിഎ ബിരുദം നേടിയ വിദ്യാർഥികളുടെ വിവരങ്ങള്‍ നല്‍കണമെന്നാണ് വിവരാവകാശ അപേക്ഷകൻ ആവശ്യപ്പെട്ടിരുന്നത്.

2016-ല്‍ മുൻ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പ്രധാനമന്ത്രി മോദിയോട് വിദ്യാഭ്യാസ യോഗ്യതകള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഈ വിഷയം പൊതുശ്രദ്ധയിലേക്ക് വരുന്നത്. 1978-ല്‍ ഡല്‍ഹി സർവകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയൻസില്‍ ബിഎ ബിരുദം നേടിയതായി പ്രധാനമന്ത്രി മോദി തന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

കെജ്രിവാള്‍ രംഗത്തെത്തുന്നതിന് ഒരു വർഷം മുൻപ്, ഡല്‍ഹി സർവകലാശാല 1978-ല്‍ നല്‍കിയ എല്ലാ ബിഎ ബിരുദങ്ങളുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് നീരജ് ശർമ്മ എന്നയാള്‍ ഒരു വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു.ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ‘സ്വകാര്യമാണെന്നും’ അതിന് ‘പൊതുതാല്‍പ്പര്യവുമായി യാതൊരു ബന്ധവുമില്ലെന്നും’ ചൂണ്ടിക്കാട്ടി സർവകലാശാല അത് വെളിപ്പെടുത്താൻ വിസമ്മതിച്ചു.

2016-ല്‍ സർവകലാശാലയുടെ മറുപടിക്കെതിരെ നീരജ് ശർമ്മ കേന്ദ്ര വിവരാവകാശ കമ്മിഷനെ സമീപിച്ചു. തുടർന്ന് 1978-ല്‍ ബിഎ പാസായ വിദ്യാർത്ഥികളുടെ പട്ടിക അടങ്ങിയ രജിസ്റ്റർ പരസ്യമാക്കാൻ ഡല്‍ഹി സർവകലാശാലയോട് നിർദ്ദേശിച്ചുകൊണ്ട് വിവരാവകാശ കമ്മിഷണർ പ്രൊഫ. എം ആചാര്യലു ഉത്തരവിറക്കി.

2017-ല്‍ വിവരാവകാശ കമ്മിഷണറുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സർവകലാശാല ഹൈക്കോടതിയെ സമീപിച്ചു. ഉത്തരവിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും, രാജ്യത്തെ സർവകലാശാലകള്‍ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ബിരുദ വിവരങ്ങള്‍ വിശ്വാസപരമായ നിലയില്‍ സൂക്ഷിക്കുന്നവയാണെന്നുമുള്ള സോളിസിറ്റർ ജനറല്‍ (എസ്ജി) തുഷാർ മേത്തയുടെ വാദങ്ങള്‍ പരിഗണിച്ച്‌, 2017- ജനുവരിയില്‍ കോടതി നീരജ് ശർമ്മയ്ക്ക് നോട്ടീസ് അയക്കുകയും ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.