തിരുവനന്തപുരം: പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്ന് പാറശ്ശാല ഏരിയാ സെക്രട്ടറി എസ് അജയകുമാർ. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് അജയകുമാർ നിലപാട് പറഞ്ഞത്. നേരത്തെ പിണറായി വിജയനെ കാരണഭൂതൻ എന്ന് വിശേഷിപ്പിച്ച് തിരുവാതിര ഗാനം അരങ്ങേറിയ പരിപാടിയുടെ സംഘാടകൻ കൂടിയായിരുന്നു എസ് അജയകുമാർ.
പ്രതിപക്ഷ നേതൃ സ്ഥാനത്തിരിക്കാൻ പിണറായി വിജയൻ യോഗ്യനല്ലെന്നും ഏരിയാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. പിണറായി രാജിവെച്ച് മാതൃകയാകണമെന്ന് ഏരിയ കമ്മിറ്റിയിൽ ചർച്ചയുണ്ടായി. തോൽവിക്ക് കാരണക്കാരൻ താൻ തന്നെയാണെന്ന് പിണറായി പൊതുസമൂഹത്തോട് പറയുന്നതാണ് മാന്യത എന്ന് അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. പിണറായി വിജയൻ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള തൊഴിലാളികളായി പാർട്ടി സഖാക്കൾ മാറി എന്നും ആക്ഷേപമുയർന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ പങ്കെടുത്ത യോഗത്തിലായിരുന്നു പിണറായിക്കെതിരെയുള്ള അതിരൂക്ഷ വിമർശനങ്ങൾ ഉയർന്നത്.
പാറശ്ശാല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരയുമായി ബന്ധപ്പെട്ട് ആലപിച്ച കാരണഭൂതൻ ഗാനം വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. സിപിഐഎമ്മിൻ്റെ കഴിഞ്ഞ സമ്മേളനകാലത്താണ് അഞ്ഞൂറോളം വനിതകൾ അണിനിരന്ന മെഗാതിരുവാതിര പാറശാലയിൽ അവതരിപ്പിച്ചത്. ‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ, എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവാണ്’ എന്നിങ്ങനെയായിരുന്നു അന്ന് തിരുവാതിരയ്ക്കൊപ്പം ഉയർന്ന ഗാനം.
……………………………….


