മലപ്പുറം: മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനംകഴിഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോർജ് മടങ്ങുന്നതിനിടെ അന്യായമായി സംഘംചേർന്ന് ബഹളംവെച്ചതിന് ആശുപത്രിയിലെ താത്കാലിക ജീവനക്കാരുടെ പേരില്‍ മഞ്ചേരി പോലീസ് കേസെടുത്തു.പ്രിൻസിപ്പല്‍ ഡോ. കെ.കെ. അനില്‍രാജിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഒരുകൂട്ടം താത്കാലിക ജീവനക്കാരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

ഉദ്ഘാടനംകഴിഞ്ഞ് മടങ്ങുന്നതിനിടെ മന്ത്രി, നിപ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ സന്ദർശിക്കാൻ പോയിരുന്നു.ഇതിനിടെ തങ്ങള്‍ചെയ്ത ജോലിക്കുള്ള കൂലി രണ്ടുമാസമായി ലഭിച്ചില്ലെന്ന പരാതിയുമായി താത്കാലിക ജീവനക്കാർ മന്ത്രിക്കു മുൻപിലെത്തി. ഇത് വഴി തടസ്സപ്പെടുത്തുന്ന രീതിയിലായതോടെ മന്ത്രിയെ അനുഗമിച്ച പാർട്ടിപ്രവർത്തകരും ജീവനക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. ഇതോടെ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ആശുപത്രി സുരക്ഷാജീവനക്കാരുടെ നിർദേശങ്ങള്‍ അനുസരിക്കാതെ ബഹളംവെക്കുകയും സംഘർഷസാധ്യതയുണ്ടാക്കുകയും ചെയ്തതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.


