പെരുമണ്ണ: സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ ശക്തമായ ജനബോധവൽക്കരണം ലക്ഷ്യമിട്ട് “ലഹരിക്കെതിരെ നമുക്ക് ഒന്നിച്ച് പോരാടാം” എന്ന പ്രമേയത്തിൽ സലഫി സെക്കൻഡറി മദ്റസ പെരുമണ്ണ (SSMP) “ഓപ്പറേഷൻ തൂഫാൻ” കാമ്പയിന്റെ ഭാഗമായി വിപുലമായ ലഹരി വിരുദ്ധ എക്സിബിഷനും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. വിദ്യാർഥികളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും സമൂഹത്തിൽ ലഹരി വിരുദ്ധ സന്ദേശം വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
ലഹരിയുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക, കുടുംബപരമായ പ്രത്യാഘാതങ്ങൾ ചിത്രങ്ങൾ, പോസ്റ്ററുകൾ, സന്ദേശങ്ങൾ, ബോധവൽക്കരണ പ്രദർശനങ്ങൾ എന്നിവയിലൂടെ എക്സിബിഷനിൽ അവതരിപ്പിച്ചു. വിദ്യാർഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ഗാനവും പ്രസംഗവും പ്രതിജ്ഞയും പരിപാടിക്ക് ശ്രദ്ധേയമായ മാനം നൽകി.
ജൂൺ 26-ന് ആചരിച്ച ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ തന്നെ തയ്യാറാക്കിയ ലഹരി വിരുദ്ധ ലഘുലേഖകൾ പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ബസ് ജീവനക്കാർക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും മദ്റസ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ വിതരണം ചെയ്തു. ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും കൈകോർക്കണമെന്ന സന്ദേശമാണ് ഇതിലൂടെ നൽകിയത്.
ലഹരി വിരുദ്ധ എക്സിബിഷൻ പന്തീരങ്കാവ് പോലീസ് സ്റ്റേഷൻ എസ്.ഐ. അബൂത്വാഹിർ എ.എസ്. ഉദ്ഘാടനം ചെയ്തു. യുവതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കാൻ കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മത-സാമൂഹിക സംഘടനകളും ഒന്നിച്ചുനിൽക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
എസ്.എസ്.എം.പി അക്കാദമിക് കോ-ഓർഡിനേറ്റർ ജാനിഷ് മദനി പെരുമണ്ണ അധ്യക്ഷത വഹിച്ചു. സ്വദർ മുദരിസ് മുഹമ്മദ് കുട്ടി ഫാറൂഖി സ്വാഗതം ആശംസിച്ചു.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ. റൂഹൈമത്ത്, അൽമനാർ ഖുർആനിക് പ്രീ-സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗവും മുൻ എസ്.ഐ.യുമായ അബ്ബാസ് എ.പി., പി.ടി.എ. വൈസ് പ്രസിഡന്റ് അബ്ദുൽ ഹസീബ് സ്വലാഹി, കെ.എൻ.എം. പെരുമണ്ണ ശാഖാ പ്രസിഡന്റ് ജിർഷാദ് പി.ടി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അധ്യാപകരായ ബാസിമ എം.എ., സബീന എൻ.സി., സഫീന എസ്.വി., നഫീസ ടി.പി., അഫ്ല പി, സ്റ്റാഫ് സെക്രട്ടറി അഹമ്മദ് ഫുർഖാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പി.ടി.എ. പ്രസിഡന്റ് അബ്ദുൽ അസീസ് കൃതജ്ഞത രേഖപ്പെടുത്തി.
ഫോട്ടോ ക്യാപ്ഷൻ:
“ലഹരിക്കെതിരെ നമുക്ക് ഒന്നിച്ച് പോരാടാം” എന്ന പ്രമേയത്തിൽ സലഫി സെക്കൻഡറി മദ്റസ പെരുമണ്ണ സംഘടിപ്പിച്ച ലഹരി വിരുദ്ധ എക്സിബിഷൻ പന്തീരങ്കാവ് പോലീസ് സ്റ്റേഷൻ എസ്.ഐ. അബൂത്വാഹിർ എ.എസ്. ഉദ്ഘാടനം ചെയ്യുന്നു.


