രാജ്യത്തെ ഗതാഗത നിയമലംഘനങ്ങളില്‍ ശക്തമായ നടപടികള്‍ എടുക്കാൻ ഒരുങ്ങി റോഡ് ഗതാഗത മന്ത്രാലയം. ഇതിന്റെ ഭാഗമായി ഇൻഷുറൻസില്‍ ഉള്‍പ്പെടെ കാര്യമായ നിയന്ത്രണങ്ങള്‍ കൊണ്ട് വരാനും പിഴത്തുക ഉള്‍പ്പെടെ കൂട്ടാനുമാണ് ലക്ഷ്യമിടുന്നത്.രാജ്യത്തെ വാഹന ഉടമകള്‍ ഇൻഷുറൻസിനെ സമീപിക്കുന്ന രീതിയെ അടിസ്ഥാനപരമായി മാറ്റാൻ കഴിയുന്ന നിർദ്ദേശങ്ങളാണ് റോഡ് ഗതാഗത മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്.മോട്ടോർ വാഹന നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതോടെ, ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാല്‍ അടിസ്ഥാന ഇൻഷുറൻസ് പ്രീമിയത്തിന്റെ മൂന്ന് മുതല്‍ അഞ്ച് മടങ്ങ് വരെ പിഴ ഈടാക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇത് നിലവിലെ പിഴകളില്‍ നിന്ന് വളരെ അധികമായിരിക്കും. റോഡുകളില്‍ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ മൂലമുണ്ടാവുന്ന വർധിച്ചുവരുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനുള്ള സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.
ഇതില്‍ നിബന്ധനകളുണ്ട്. ആദ്യഘട്ടത്തില്‍ ഇത്തരത്തില്‍ ഇൻഷുറൻസ് ഇല്ലാത്ത വാഹനം നിരത്തില്‍ ഇറക്കുന്നവർക്ക് അടിസ്ഥാന ഇൻഷുറൻസ് തുകയുടെ മൂന്നിരട്ടിയാവും അടക്കേണ്ടി വരിക. മറിച്ച് ഇത് ആവർത്തിച്ചാല്‍ പിഴത്തുക അഞ്ചിരട്ടിയായി ഉയരും. ഇതോടെ രാജ്യത്തെ ജനങ്ങള്‍ വാഹന ഇൻഷുറൻസ് എടുക്കാൻ കൂടുതല്‍ താല്‍പര്യം എടുക്കുമെന്നാണ് സർക്കാരും മന്ത്രാലയവും പ്രതീക്ഷിക്കുന്നത്.ഇപ്പോഴത്തെ നിയമ പ്രകാരം ആദ്യ തവണത്തെ കുറ്റത്തിന് 2000 രൂപയാണ് പിഴ. പിന്നീട് കുറ്റം ആവർത്തിച്ചാല്‍ 4000 രൂപയും മൂന്നുമാസം വരെ തടവുമാണ് ശിക്ഷ നല്‍കുക. എന്നാല്‍ മന്ത്രാലയത്തിന്റെ ഭേദഗതി പ്രകാരം, നിയമലംഘകർ ആദ്യതവണ അടിസ്ഥാന ഇൻഷുറൻസ് പ്രീമിയത്തിന്റെ മൂന്നിരട്ടിയും കുറ്റം ആവർത്തിച്ചാല്‍ അഞ്ചിരട്ടിയും അടയ്‌ക്കേണ്ടതായി വരും.
സാധാരണഗതിയില്‍ എഐ ക്യാമറകള്‍, അല്ലെങ്കില്‍ ചെക്കിങ്ങുകള്‍ എന്നിവയില്‍ ഭൂരിഭാഗവും ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പോലെയുള്ള കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഇൻഷുറൻസ് വിഷയത്തില്‍ അത്രത്തോളം ശുഷ്‌കാന്തി കാട്ടിയിരുന്നില്ല. എന്നാല്‍ വാഹനാപകടങ്ങള്‍ കൂടുമ്ബോള്‍ ഇത്തരം ഇൻഷുറൻസ് ഇല്ലാ വാഹനങ്ങള്‍ വലിയ ബുദ്ധിമുട്ടാണ് സൃഷ്‌ടിക്കുന്നത്.അതുപോലെ തന്നെ വേഗപരിധിയെക്കുറിച്ചുള്ള ദീർഘകാലമായി നിലനില്‍ക്കുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി ദേശീയപാതകളിലെയും എക്‌സ്പ്രസ് വേകളിലെയും വേഗപരിധി കേന്ദ്രം നിശ്ചയിക്കണമെന്ന നിർദ്ദേശവും മന്ത്രാലയം മുന്നോട്ട് വച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന പാതകളിലെയും മറ്റ് റോഡുകളിലെയും വേഗപരിധി സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്നും മന്ത്രാലയം നിർദേശിക്കുന്നു.
ഇതില്‍ നില നില്‍ക്കുന്ന ആശയക്കുഴപ്പം മൂലം പലപ്പോഴും ഡ്രൈവർമാർക്ക് പിഴ കിട്ടുന്നത് സാധാരണ കാര്യമായി മാറിയിരിക്കുകയാണ്. കേന്ദ്രം നിശ്ചയിക്കുന്ന വേഗ പരിധിയില്‍ നിന്നും സംസ്ഥാനം വ്യത്യസ്‌ത പരിധി നിശ്ചയിക്കുന്നത് കൊണ്ട് കൂടിയാണ് ഇത്തരമൊരു ആശങ്ക നിലവിലുണ്ടായിരുന്നത്. ഇതിലാണ് ഇപ്പോള്‍ മന്ത്രാലയം ഇടപെടുന്നത്.ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ടും കർശന നിയന്ത്രണങ്ങള്‍ക്ക് നിർദ്ദേശം മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവർക്ക് ലൈസൻസ് പുതുക്കാൻ നിർബന്ധിത ടെസ്‌റ്റ് ഏർപ്പെടുത്തുന്ന കാര്യവും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.നിലവില്‍ ഈ ഭേദഗതികളും നിർദ്ദേശങ്ങളും മറ്റ് മന്ത്രാലയങ്ങളുടെ അഭിപ്രായം അറിയാനായി കൈമാറിയിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്നാണ് ലഭ്യമായ വിവരം. തുടർന്ന് മന്ത്രിസഭ കൂടി അംഗീകരിച്ചാല്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം ഔദ്യോഗികമായി നടത്തും.


