കോഴിക്കോട്: യു.ഡി.എഫ് സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചില സാമുദായിക നേതാക്കളിൽ നിന്നുണ്ടാകുന്ന പ്രതികരണങ്ങൾ അപക്വവും സമൂഹത്തിൽ അനാവശ്യ വിഭാഗീയതക്കും വർഗീയ ചേരിതിരിവുകൾക്കും ഇടയാക്കുന്നതുമാണെന്ന് ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ കൗൺസിൽ അഭിപ്രായപ്പെട്ടു. മത-സാമുദായിക നേതൃത്വങ്ങൾ നീതിയുടെയും വിവേകത്തിന്റെയും ഭാഷ സംസാരിക്കേണ്ടതിനുപകരം രാഷ്ട്രീയ ധ്രുവീകരണങ്ങൾക്ക് പിന്തുണ നൽകുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് സമൂഹത്തിന്റെ ഐക്യത്തിന് തന്നെ ദോഷകരമാണെന്നും,
സമൂഹത്തിൽ സമാധാനവും സഹവർത്തിത്വവും നിലനിർത്താൻ ഉത്തരവാദിത്വപ്പെട്ട നേതാക്കൾ കൂടുതൽ പക്വതയോടെയും ദൂരദർശിത്വത്തോടെയും ഇടപെടണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ ഭിന്നതകളെ വർഗീയ ചർച്ചകളാക്കി മാറ്റാനുള്ള ശ്രമങ്ങൾ കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് ഭീഷണിയാണെന്നും സംഗമം വിലയിരുത്തി.
കൗൺസിൽ മീറ്റ് മുൻ ഐ. എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജുനൈദ് സലഫി അധ്യക്ഷത വഹിച്ചു. വളപ്പിൽ അബ്ദുസ്സലാം, അബ്ദുറസാഖ് കൊടുവള്ളി, ഹാഫിസ് റഹ്മാൻ മദനി, അഹമ്മദ് റഊഫ്, അസ്ലം എം.ജി നഗർ, മുജീബ് പൊറ്റമ്മൽ, ശജീർഖാൻ വയ്യാനം, ജസീൽ സലഫി, സെയ്ദു മുഹമ്മദ് കുരുവട്ടൂർ, ജുനൈസ് സ്വലാഹി, ഷിയാസ് മാസ്റ്റർ, ഷബീർ മായനാട് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ കൗൺസിൽ മീറ്റ് ശരീഫ് മേലേതിൽ ഉദ്ഘാടനം ചെയ്യുന്നു


