ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരില്‍ സിആർപിഎഫ് വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് സൈനികർ മരിച്ചു. 12 സൈനികർക്ക് പരിക്കേറ്റു.
സിആർപിഎഫുകാർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.വ്യാഴാഴ്ച കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം. ഉധംപുർ എഎസ്പി സന്ദീപ് ഭട്ട് അപകടം സ്ഥിരീകരിക്കുകയും രക്ഷാപ്രവർത്തനം ആരംഭിച്ചതായി വ്യക്തമാക്കുകയും ചെയ്തു.സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. ‘കഡ്വ-ബസന്ത്ഗഢ് മേഖലയില്‍ സിആർപിഎഫ് വാഹനം ഉള്‍പ്പെട്ട റോഡപകടത്തിന്റെ വാർത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. വാഹനത്തില്‍ സിആർപിഎഫിലെ ധീരരായ നിരവധി ജവാന്മാരുണ്ടായിരുന്നു. ജില്ലാ കളക്ടർ സലോനി റായി സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിക്കുകയും വിവരങ്ങള്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്’. അദ്ദേഹം എക്സില്‍ കുറിച്ചു.


