മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘം തിരുവനന്തപുരത്ത് അറസ്റ്റില്‍. പേരൂർക്കട പൊലീസ് സ്റ്റേഷനില്‍ ഈ മാസം 14 ആം തിയ്യതി ലഭിച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.തിരുവനന്തപുരം വഴയില സ്വദേശി പ്രതീഷ് കുമാർ, അമ്ബലമുക്ക് എൻസിസി റോഡ് സ്വദേശി ജിത്തു എന്ന് വിളിക്കുന്ന ഷെജിൻ എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തു.

തുടർന്ന് ഈ റാക്കറ്റിലെ കണ്ണികളെയും വ്യാജ സ്വർണം ഇവർക്ക് നല്‍കിയവരെയും പിടികൂടി. പത്തനംതിട്ട തണ്ണിതോട് സ്വദേശികളായ സ്മിജു സണ്ണി, സണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യംചെയ്തതോടെയാണ് കേരളം മുഴുവൻ ഇത്തരത്തില്‍ വ്യാജ സ്വർണ്ണം വിതരണം നടത്തിയിരുന്ന സംഘത്തിന്‍റെ തലവനായ അഖില്‍ ക്ലീറ്റസിനെ ചാലക്കുടി നിന്നും പിടികൂടിയത്.
അപ്രൈസർ ഉരച്ചു നോക്കിയാല്‍ പെട്ടെന്ന് മനസിലാകാത്ത തരത്തില്‍ അതിവിദഗ്ദമായി സ്വർണം പൂശിയ നിലയിലാണ് ആഭരണങ്ങള്‍ നിർമ്മിച്ചത്. അഖില്‍ ക്ലീറ്റസിനെതിരെ നേരത്തെ കൊലപാതക കേസും എൻഡിപിഎസ് കേസുകളും നിരവധി തട്ടിപ്പ് കേസുകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ സ്മിജു സണ്ണി. ഈ കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഫറാഷ് ഐപിഎസിന്‍റെ നിർദേശ പ്രകാരം കണ്ടോൻമെന്‍റ് എസിപി സ്റ്റീവെർട്ട് കീലറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പേരൂർക്കട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഉമേഷ്, സബ് ഇൻസ്പെക്ടർ ജഗൻ മോഹൻ ദത്തൻ, ഗ്രേഡ് എസ് ഐ മനോജ്, എസ് സി പി ഒ മാരായ അനീഷ്, അജിത്ത്, സിപിഒ മാരായ അരുണ്‍, രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.


