ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർദ്ധിപ്പിച്ചു. ഇത്തവണ 4,500 രൂപ ബോണസ് ലഭിക്കും.ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2,750 രൂപയില്‍നിന്നു 3,000 രൂപയായി ഉയർത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെ,എൻ, ബാലഗോപാല്‍ അറിയിച്ചു.

സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വർദ്ധിപ്പിച്ച് 1,250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും.
പാർട്ട് ടൈം, കണ്ടിൻജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും 250 രൂപ വീതം വർദ്ധിപ്പിച്ചു.
13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുകയെന്ന് ധനമന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം ആനുകൂല്യം ലഭിച്ച എല്ലാ വിഭാഗങ്ങള്‍ക്കും ഇത്തവണ വർദ്ധിപ്പിച്ച ആനുകൂല്യം ഉറപ്പാക്കുമെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി.


