ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 108 ആംബുലൻസ് ഓപ്പറേറ്റ് ചെയ്യാനുള്ള പദ്ധതിയില്‍ 250 കോടിയില്‍പരം രൂപയുടെ കമ്മിഷൻ തട്ടിപ്പ് നടന്നതായി കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.

2019-24 കാലഘട്ടത്തില്‍ മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ 517 കോടി രൂപയ്ക്കാണ് 315 ആംബുലൻസുകളുടെ നടത്തിപ്പ് അഞ്ചു വർഷത്തേക്ക് സെക്കന്തരാബാദ് ആസ്ഥാനമായ ബഹുരാഷ്ട്ര കമ്ബനിക്കു നല്‍കിയത്. പിന്നീട് ഒരു ആംബുലൻസ് കൂടി ചേർത്തു 316 ആക്കി. എന്നാല്‍, ഇത്തവണ 2025-30 കാലഘട്ടത്തിലേക്ക് 335 ആംബുലൻസുകളുടെ നടത്തിപ്പിന് ഇതേ കമ്ബനി ടെൻഡർ ചെയ്തിരിക്കുന്നത് 293 കോടി രൂപ മാത്രം. ചെലവ് വർധിച്ചിട്ടും കഴിഞ്ഞ തവണത്തേതിന്റെ പാതി തുകയില്‍ കൂടുതല്‍ ആംബുലൻസുകള്‍ ഓടിക്കാൻ കമ്ബനിക്കു കഴിയുമെങ്കില്‍ 2019-ലെ പ്രത്യേക മന്ത്രിസഭ അനുമതിയുടെ കമ്മിഷൻ ഗുണഭോക്താക്കള്‍ ആരൊക്കെയെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യ മന്ത്രിക്കും ഈ ഇടപാടില്‍ പങ്കുണ്ട്. ഇതുസംബന്ധിച്ച രേഖകള്‍ പുറത്തു വിട്ട് രമേശ് ചെന്നിത്തല പറഞ്ഞു.
തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടന്നത്. സെക്കന്തരാബാദ് ആസ്ഥാനമായ ജിവികെ ഇഎംആർഐ എന്ന കമ്ബനിക്കാണ് 2019-ല്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി രണ്ടിരട്ടി തുകയ്ക്ക് പ്രത്യേക അനുമതിയോടെ കരാർ നല്‍കിയത്. ബഹുരാഷ്ട്ര ഗ്രൂപ്പായ ജിവികെ ഗ്രൂപ്പിന്റെ ഭാഗമാണ് ജിവികെ ഇഎംആർഐ. ആദ്യം ടെൻഡർ നല്‍കിയ രണ്ടു കമ്ബനികളില്‍ ഒന്നിനെ അയോഗ്യമാക്കിയ ശേഷം അത് ടെൻഡർ തന്നെ റദ്ദാക്കി. രണ്ടാമത് ക്ഷണിച്ച ടെൻഡറില്‍ ജിവികെ മാത്രമായിരുന്നു പങ്കെടുത്തത്. എന്നിട്ടും അവരുടെ ടെൻഡർ അംഗീകരിക്കാൻ നടപടി എടുത്തു.
2019-ല്‍ ആംബുലൻസ് നടത്തിപ്പിന് ടെൻഡർ കൊടുത്ത ജിവികെ ഇഎംആർഐ രേഖപ്പെടുത്തിയ തുക യാതൊരു സ്ക്രൂട്ടിനിയും കൂടാതെ മന്ത്രിസഭയുടെ മുമ്ബാകെവെച്ച് പ്രത്യേക അനുമതി നല്‍കുകയായിരുന്നു. ടെൻഡർ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് പ്രത്യേക അനുമതി നല്‍കിയത്. ഇതുമൂലം കുറഞ്ഞ പക്ഷം ഖജനാവിന് 250 കോടിയുടെ എങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. അന്ന് 316 ആംബുലൻസുകള്‍ പ്രവർത്തിപ്പിക്കുന്നതിനാണ് 517 കോടി. എന്നാല്‍, ഇക്കുറി ടെൻഡർ പ്രക്രിയയില്‍ മറ്റു കമ്ബനികളും പങ്കെടുത്ത് മത്സരം വന്നതോടെ 14 അഡ്വാൻസ് ലൈഫ് സപ്പോർട്ട് ആംബുലൻസുകളും 6 നിയോനേറ്റല്‍ ആംബുലൻസുകളും അടക്കം 19 ആംബുലൻസുകള്‍ അധികമുണ്ടായിട്ടും ഈ കമ്ബനി ക്വോട്ട് ചെയ്തത് 293 കോടി മാത്രം. ഇന്ധനവിലയിലും സ്പെയർപാർട്സ് വിലയിലും അഞ്ചു വർഷം മുമ്ബത്തേക്കാള്‍ ഏതാണ്ട് 30 ശതമാനം വർധനവും കൂടുതല്‍ ആംബുലൻസുകളും ഉണ്ടായിട്ടും കഴിഞ്ഞ വർഷത്തേക്കാള്‍ 43 ശതമാനം തുക കുറച്ചാണ് ഇപ്പോള്‍ ക്വോട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ വൻതുക നല്‍കിയതെന്തിനാണ് എന്ന വിഷയത്തില്‍ മുഖ്യമന്ത്രിയും മുൻ ആരോഗ്യമന്ത്രിയും മറുപടി പറയാൻ ബാധ്യസ്ഥരാണ്.
ഒരു പദ്ധതിയുടെ നടത്തിപ്പിന്റെ അത്രയും തന്നെ തുക കമ്മിഷൻ അടിക്കുന്ന പ്രവർത്തനമാണ് ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. അനർട്ടിലും നടന്നത് പദ്ധതിചെലവിന്റെ അത്രയും തന്നെ തുകയുടെ ക്രമക്കേടാണ്. തൊട്ടതിലെല്ലാം അഴിമതി കാണിക്കുന്ന ഈ കമ്മിഷൻ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളും വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. ഈ തീവെട്ടിക്കൊള്ളയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും മുൻ ആരോഗ്യമന്ത്രിയും വിശദീകരണം നല്‍കണം – രമേശ് ചെന്നിത്തലആവശ്യപ്പെട്ടു.


