തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ സർജിക്കല്‍ ട്യൂബ് കുടുങ്ങിയെന്ന് കാട്ടാക്കട സ്വദേശിയായ യുവതി ആരോപിച്ചു.

50 സെന്റിമീറ്റർ നീളമുള്ള ട്യൂബ് ആണ് കുടുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് യുവതി ആരോഗ്യ വകുപ്പില്‍ പരാതി നല്‍കിയിട്ടുണ്ട്.
രണ്ട് വർഷം മുൻപ് നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് ട്യൂബ് കുടുങ്ങിയതെന്നാണ് യുവതി പറയുന്നത്. കഫക്കെട്ട് വന്നപ്പോള്‍ എക്സ് റേ എടുത്തപ്പോഴാണ് നെഞ്ചില്‍ ട്യൂബ് കിടക്കുന്നതായി അറിഞ്ഞതെന്നും യുവതി പറയുന്നു. ശാസ്ത്രക്രിയ നടത്തിയ ഡോക്ടർ ഒഴിഞ്ഞു മാറുകയാണെന്നും ആരോപണമുണ്ട്.
ട്യൂബ് നെഞ്ചില്‍ ഒട്ടിപ്പോയി എന്നും എടുത്ത് മാറ്റാൻ പ്രയാസമാണെന്നും ശ്രമിച്ചാല്‍ ജീവന് ഭീഷണിയാണെന്ന് ഡോക്ടർ അറിയിച്ചെന്നും യുവതി പറയുന്നു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടർ രാജീവ് കുമാറിനെതിരെയാണ് യുവതിയുടെ പരാതി. ശസ്ത്രക്രിയ നടന്നത് 2023 മാർച്ച് 22ന്. വീണ്ടും ആരോഗ്യ പ്രശ്നം ഉണ്ടായപ്പോള്‍ ഇതേ ഡോക്ടറുടെ അടുത്ത് രണ്ടു വർഷം ചികിത്സ തുടർന്നു. ആരോഗ്യം പ്രശ്നം കടുത്തപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി.
തുടർന്ന് എക്സ്റേ എടുത്തപ്പോഴാണ് നെഞ്ചിനകത്ത് വയർ കണ്ടത്. തുടർന്നു വീണ്ടും ഡോക്ടർ രാജീവ് കുമാറിനെ സമീപിച്ചു. ഡോക്ടർ പിഴവ് സമ്മതിച്ചെന്നും യുവതി വ്യക്തമാക്കി. രാജീവ് കുമാർ മറ്റു ഡോകടർമാരുമായി സംസാരിച്ചു കീ ഹോള്‍ വഴി ട്യൂബ് എടുത്തു നല്‍കാമെന്നു അറിയിച്ചു. മറ്റാരോടും പറയരുതെന്നും ഡോക്ടർ ആവശ്യപ്പെട്ടുവെന്നും യുവതി.
പിന്നീട് രാജീവ് കുമാറിനെ നിർദ്ദേശപ്രകാരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സ തേടി. സി.റ്റി സ്കാനില്‍ വയർ രക്തകുഴലുമായി ഒട്ടി ചേർന്നെന്നും എടുക്കാൻ കഴിയില്ലെന്നും അറിയിച്ചു. ഇതോടെ രാജീവ് കുമാർ കയ്യൊഴിഞ്ഞെന്നും യുവതി ആരോപിച്ചു. തുടർ ചികിത്സക്ക് മാർഗമില്ലെന്നും മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കുമെന്നും സുമയ്യ പറഞ്ഞു.


