കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതിയായ അധ്യാപകന്‍ ഡോ. എം.കെ റാം പിടിയിലായത് കേസെടുത്ത് മൂന്ന് മാസത്തിന് ശേഷം. ഏപ്രില്‍ 10നായിരുന്നു ഡെന്റല്‍ കോളജില്‍ നിതിന്‍ രാജ് ജീവനൊടുക്കിയത്. ഇതിന് മുഖ്യകാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഡോ. റാം കര്‍ണാടകയിലും ആന്ധ്രയിലുമായി ഒളിവില്‍ കഴിഞ്ഞ ശേഷം അവസാനം കേരള അതിര്‍ത്തി മേഖലയായ കുടകിലേക്ക് മാറിയിരുന്നു. സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യഹരജി തള്ളിയതിന് പിന്നാലെ കുടകില്‍ വെച്ചാണ് പൊലീസ് റാമിനെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്.

പ്രതിക്ക് ഒളിവില്‍ കഴിയാന്‍ ഇത്രയും നാള്‍ പൊലീസ് സൗകര്യം ഒരുക്കിയെന്ന് നിതിന്റെ സഹോദരി നിഖിത ചൂണ്ടിക്കാട്ടി. സുപ്രിംകോടതി ജാമ്യം തള്ളിയതോടെ റാമിന് വേറെ വഴിയില്ലാതായി. അന്വേഷണ സംഘത്തില്‍ നിന്ന് റാമിന് സൗകര്യം ലഭിച്ചു. നിതിന്‍ മരിച്ച് നൂറാംദിനമാണ് ഡോ. റാമിനെ പിടികൂടിയത്. ഇനി കേസ് നന്നായി മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷ. കുറ്റക്കാരായ മറ്റ് അധ്യാപകരെ കൂടി പ്രതികളാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കുടുംബം ഇന്ന് ഡിജിപിയെ കാണുന്നുണ്ട്.
ഡോ. റാം ഇന്ന് കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ചിരുന്നുവെന്നും അതിനിടെയാണ് അറസ്റ്റെന്നും പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും. നിരപരാധിത്വം തെളിയിക്കാന്‍ കഴിയും. ലോണ്‍ ആപ്പില്‍ നിന്ന് ലോണെടുത്തതിന്റെ സമ്മര്‍ദ്ദം നിതിനുണ്ടായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു.

ക്ലാസ് മുറിയില്‍വച്ച് നിതിന്‍ രാജ് അധിക്ഷേപിക്കപ്പെട്ടുവെന്ന് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രിംകോടതിയും നിരീക്ഷിച്ചിരുന്നു. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വച്ചാണ് അധിക്ഷേപിച്ചതെന്ന് മൊഴിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍കൂര്‍ ജാമ്യം തള്ളുന്നത് മറ്റ് അധ്യാപകര്‍ക്കുള്ള സന്ദേശമാണ്. വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന അധ്യാപകര്‍ കാലം മാറിയെന്ന് തിരിച്ചറിയണമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ഇത്രയും നാളായി പ്രതിയെ പിടികൂടാത്തതില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് ഡോ. റാമിനെ അറസ്റ്റ് ചെയ്തത്.ഇത്രയും നാളായി പ്രതിയെ പിടികൂടാത്തതില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് ഡോ. റാമിനെ അറസ്റ്റ് ചെയ്തത്.
അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഓറല്‍ പാത്തോളജി വിഭാഗം മേധാവിയായിരുന്ന ഡോ. കെ. റാമിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. കടുത്ത ജനരോഷത്തെ തുടര്‍ന്ന് പ്രതിയായ ഡോ. റാമിനെ കോളേജ് മാനേജ്‌മെന്റ് പിന്നീട് ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റ് വിദ്യാര്‍ഥികളും രംഗത്തെത്തിയിരുന്നു.


